18/08/2026
[fontresizer_tawhidurrahmandear_widget]

പോക്‌സോ ചതിയില്‍പെട്ട് ജയിലില്‍; ഒടുവിൽ വെറുതെവിട്ട് കോടതി, പൊട്ടിക്കരഞ്ഞ് മമ്മദ്‌ | Kozhikode Fake POCSO Case

 പോക്‌സോ ചതിയില്‍പെട്ട് ജയിലില്‍; ഒടുവിൽ വെറുതെവിട്ട് കോടതി, പൊട്ടിക്കരഞ്ഞ് മമ്മദ്‌ | Kozhikode Fake POCSO Case

കോഴിക്കോട്: അയൽവീട്ടിലെ പത്തുവയസ്സുകാരിയെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന വ്യാജ പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട ബാലുശ്ശേരി പൂനോത്ത് സ്വദേശി ഇ.കെ മമ്മദിനെ കൊയിലാണ്ടി കോടതി വെറുതെ വിട്ടു(Kozhikode Fake POCSO Case). ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന ശാസ്ത്രീയ-വൈദ്യപരിശോധനാ ഫലങ്ങളുടെയും പരാതിക്കാരിയായ കുട്ടിയുടെ വൈരുധ്യം നിറഞ്ഞ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കോടതി ഇദ്ദേഹത്തെ പൂർണമായും കുറ്റവിമുക്തനാക്കിയത്.

വിധി പുറത്തുവന്നതിനു പിന്നാലെ കൊയിലാണ്ടിയിലെ അഭിഭാഷക ഓഫീസിലിരുന്ന് ഇ.കെ മമ്മദ് കൊച്ചുകുട്ടിയെപ്പോലെ വിങ്ങിപ്പൊട്ടി. കഴിഞ്ഞ നാലര വർഷമായി താൻ അനുഭവിച്ച മാനസിക-സാമൂഹിക പീഡനങ്ങൾ ഓർത്തെടുത്തായിരുന്നു അദ്ദേഹത്തിന്റെ കണ്ണീർ.

കുറ്റക്കാരനായി സമൂഹത്തില്‍| Kozhikode Fake POCSO Case

2022 മാർച്ച് 31-നാണ് ബാലുശ്ശേരി പോലീസ് മമ്മദിനെ അറസ്റ്റ് ചെയ്യുന്നത്. അയൽപക്കത്തെ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഇയാൾക്ക് 82 ദിവസമാണ് ജയിലിൽ കഴിയേണ്ടിവന്നത്.

പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയെങ്കിലും സമൂഹത്തിൽ കുറ്റക്കാരനായി മുദ്രകുത്തപ്പെട്ടതോടെ ഇയാൾക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങാൻ സാധിച്ചില്ല. ജാമ്യം കിട്ടിയിട്ടും സ്വന്തം വീട്ടിൽ കയറാനാകാതെ കഴിഞ്ഞ നാലര വർഷം അന്യസ്ഥലങ്ങളിലായിരുന്നു ഇയാളുടെ ജീവിതം.

വിചാരണവേളയിൽ പെൺകുട്ടിയുടെ മൊഴി വിശ്വസനീയമല്ലെന്ന് കോടതി കണ്ടെത്തി. മുത്തശ്ശി എഴുതിക്കൊടുത്ത പരാതിയിൽ താൻ ഒപ്പിടുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് പെൺകുട്ടി കോടതിയിൽ തുറന്നുപറഞ്ഞു.

വഴിത്തിരിവായത് വൈദ്യപരിശോധന | Kozhikode Fake POCSO Case

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെങ്കിലും ലൈംഗിക പീഡനം നടന്നതായി തെളിയിക്കാൻ പോലീസിനായില്ല. സംഭവം നടക്കുമ്പോൾ പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളിൽനിന്ന് പുരുഷ ബീജം കണ്ടെത്തിയില്ലെന്ന ഫോറൻസിക് ലാബ് റിപ്പോർട്ടും കേസിൽ നിർണായകമായി.

പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു പോലീസുകാരിയാണ് തന്നെ വ്യാജ കേസിൽ കുടുക്കിയതിന് പിന്നിലെന്ന് മമ്മദ് ആരോപിക്കുന്നു. നീണ്ട പോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചെങ്കിലും തനിക്കും കുടുംബത്തിനും നഷ്ടപ്പെട്ട വർഷങ്ങളും അപമാനവും ഇനി തിരികെ ലഭിക്കില്ലെന്ന സങ്കടത്തിലാണ് മമ്മദ്.

Also read: