നെഞ്ചുവേദന മാത്രമല്ല ഹൃദയാഘാതത്തിൻ്റെ ആദ്യലക്ഷണം; ശരീരം മുന്നറിയിപ്പായി നൽകുന്ന ഈ ‘നിശബ്ദ’ ലക്ഷണങ്ങളെ അവഗണിക്കരുത്
ഹൃദയാഘാതം എപ്പോഴും കടുത്ത നെഞ്ചുവേദനയിലോ നെഞ്ചുഞെരുക്കത്തിലോ ആകണമെന്നില്ല തുടങ്ങുന്നതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് സ്ത്രീകളിലും പ്രമേഹബാധിതരിലും പ്രായമായവരിലും ഹൃദയാഘാതം പലപ്പോഴും അവഗണിക്കപ്പെടാൻ സാധ്യതയുള്ള ചില ‘നിശബ്ദ’ ലക്ഷണങ്ങളിലൂടെയാണ് പ്രകടമാകുന്നത്.
നല്ല ഉറക്കത്തിന് ശേഷവും അനുഭവപ്പെടുന്ന അകാരണമായ കടുത്ത ക്ഷീണം, വിശ്രമിക്കുമ്പോഴോ നടക്കുമ്പോഴോ ഉണ്ടാകുന്ന പെട്ടെന്നുള്ള ശ്വാസതടസ്സം എന്നിവ ഇതിൽ പ്രധാനമാണ്. കൂടാതെ അസ്വസ്ഥതകൾ നെഞ്ചിൽ മാത്രമൊതുങ്ങാതെ താടിയെല്ല്, കഴുത്ത്, പുറം, തോളുകൾ, ഇടത് കൈ എന്നിവിടങ്ങളിലേക്ക് പടരുന്നതും ഗൗരവമായി കാണണം. പലരും സാധാരണ ഗ്യാസ്ട്രബിളാണെന്ന് കരുതി തള്ളിക്കളയുന്ന വയറ്റിലെ എരിച്ചിലും ഓക്കാനവും, യാതൊരു ആയാസവുമില്ലാത്ത അവസ്ഥയിലോ തണുത്ത കാലാവസ്ഥയിലോ കാരണമില്ലാതെ അമിതമായി വിയർക്കുന്നതും, തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതുമൂലമുണ്ടാകുന്ന പെട്ടെന്നുള്ള തലകറക്കവും ബോധക്ഷയവുമെല്ലാം ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാകാൻ സാധ്യതയുണ്ട്.
ഇത്തരം അസ്വസ്ഥതകൾ ആവർത്തിക്കുകയോ സാധാരണയിൽ കവിഞ്ഞ് അനുഭവപ്പെടുകയോ ചെയ്താൽ ഗ്യാസെന്നോ പേശിവേദനയെന്നോ തെറ്റിദ്ധരിച്ച് സമയം പാഴാക്കാതെ അടിയന്തരമായി വൈദ്യസഹായം തേടണമെന്ന് ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു. ഹൃദയാഘാതത്തിൽ ആദ്യത്തെ ഒരു മണിക്കൂർ അഥവാ ‘ഗോൾഡൻ അവർ’ ജീവൻ രക്ഷിക്കുന്നതിൽ അത്യന്തം നിർണായകമാണ്.
നെഞ്ചുവേദന ഇല്ലാത്തതുകൊണ്ട് മാത്രം ചികിത്സ തേടാൻ വൈകുന്നത് ഹൃദയപേശികൾക്ക് മാറ്റാനാവാത്ത കേടുപാടുകൾ വരുത്തുകയും ജീവന് തന്നെ ഭീഷണിയാകുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പുകവലി ശീലം, അമിതവണ്ണം, മാനസിക സമ്മർദ്ദം എന്നിവയുള്ള ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്നവർ ഇത്തരം അസ്വാഭാവിക ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ഇ.സി.ജി, കാർഡിയാക് എൻസൈം തുടങ്ങിയ പരിശോധനകൾക്ക് വിധേയരാകണം. കൃത്യസമയത്തുള്ള കണ്ടെത്തലും ചികിത്സയും ഹൃദയാഘാതം മൂലമുണ്ടാകുന്ന വലിയ പ്രത്യാഘാതങ്ങളെ ഒഴിവാക്കാൻ സഹായിക്കും.