പിഎസ്സി പരീക്ഷാക്രമക്കേട്: ഗവർണറുടെ സ്വാതന്ത്ര്യദിന ചായ സൽക്കാരത്തിൽ നിന്ന് ചെയർമാനെയും അംഗങ്ങളെയും ഒഴിവാക്കി
തിരുവനന്തപുരം: ഗവർണർ രാജ്ഭവനിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ചായ സൽക്കാരത്തിൽ (അറ്റ് ഹോം) നിന്ന് പിഎസ്സി ചെയർമാൻ എം.ആർ ബൈജുവിനെയും അംഗങ്ങളെയും ഒഴിവാക്കി. വിവാദമായ പിഎസ്സി പരീക്ഷാക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് രാജ്ഭവന്റെ ഈ അസാധാരണ നടപടിയെന്നാണ് സൂചന.
എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വൈകിട്ട് ഗവർണർ നടത്തുന്ന ചായസൽക്കാരത്തിലേക്ക് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ വിശിഷ്ടാതിഥികളെയും സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെയും ക്ഷണിക്കാറുണ്ട്. എന്നാൽ ഇന്നലെ നടന്ന ചടങ്ങിലേക്ക് പിഎസ്സി ചെയർമാനും 15 അംഗങ്ങൾക്കും ക്ഷണം ലഭിച്ചില്ല.
ചരിത്രത്തിലാദ്യമായാണ് പിഎസ്സി ചെയർമാനെയും ഭരണസമിതി അംഗങ്ങളെയും ഗവർണറുടെ സ്വാതന്ത്ര്യദിന ചായസത്കാരത്തിൽനിന്ന് ഒഴിവാക്കുന്നത്. പരീക്ഷാക്രമക്കേടിൽ ഉയർന്ന ശക്തമായ പ്രതിഷേധങ്ങളും വിവാദങ്ങളുമാണ് ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.