തെര. കമ്മീഷനെതിരെ ഡിഎംകെ സുപ്രിംകോടതിയില്‍; എസ്‌ഐആര്‍ തടയണമെന്ന് ആവശ്യം
ചെന്നൈ: തമിഴ്‌നാട്ടിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധനയ്‌ക്കെതിരെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സുപ്രീംകോടതിയില്‍ ഹരജി നല്‍കി. അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച ഈ നടപടിക്കെതിരെയാണ് ഡി.എം.കെയുടെ നിയമപോരാട്ടം.
ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. വോട്ടര്‍ പട്ടികയില്‍നിന്ന് യഥാര്‍ഥ വോട്ടര്‍മാരെ, പ്രത്യേകിച്ച് ബി.ജെ.പിയെ എതിര്‍ക്കുന്നവരെ ഒഴിവാക്കാനുള്ള ദുരുദ്ദേശ്യപൂര്‍ണമായ ഗൂഢാലോചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വോട്ടര്‍ പട്ടിക പൂര്‍ണമായി പരിഷ്‌കരിക്കാനുള്ള ഇ.സി.ഐയുടെ തീരുമാനം കൃത്യമായി ആസൂത്രണം ചെയ്ത തന്ത്രത്തിന്റെ ഭാഗമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. മുമ്പ് ബിഹാറില്‍ ലക്ഷക്കണക്കിന് വോട്ടര്‍മാരെ ഇതേ തന്ത്രം ഉപയോഗിച്ച് പട്ടികയില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ജനാധിപത്യവിരുദ്ധ നടപടിയെ തടയാനായി സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തു പ്രത്യേക പരിശോധനയെ അപലപിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയിരുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമനടപടികള്‍ ആരംഭിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തൃപ്തികരമായ വിശദീകരണം നല്‍കാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു.
നവംബര്‍ നാലുമുതലാണ് പ്രത്യേക പരിശോധന ആരംഭിക്കുന്നത്. തമിഴ്‌നാട് ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 51 കോടി വോട്ടര്‍മാരെ ഇത് ബാധിക്കും. 2026 ഫെബ്രുവരി ഏഴിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് കമ്മീഷന്റെ തീരുമാനം.