പത്തനംതിട്ടയിൽ പ്രിയദർശിനി ബസുകൾ തടഞ്ഞ് സ്വകാര്യ ബസുടമകളുടെ പ്രതിഷേധം; സർവീസ് തടസ്സപ്പെട്ടു
പത്തനംതിട്ട: തണ്ണിത്തോട്ടിൽ പുതുതായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ തടഞ്ഞ് സ്വകാര്യ ബസുടമകളുടെയും ജീവനക്കാരുടെയും പ്രതിഷേധം. രാവിലെ എം.പി ആന്റോ ആന്റണി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് ബസുകളാണ് സർവീസ് തുടങ്ങിയതിന് പിന്നാലെ വഴിയിൽ തടഞ്ഞത്.
വർഷങ്ങളായി കെഎസ്ആർടിസി സർവീസുകൾ ഇല്ലാതിരുന്ന ഈ റൂട്ടിൽ 15 മിനിറ്റ് ഇടവേളകളിൽ 16 സ്വകാര്യ ബസുകളാണ് ഓടിയിരുന്നത്. എന്നാൽ, സ്വകാര്യ ബസുകൾ എത്തുന്നതിന് അഞ്ച് മിനിറ്റ് മുൻപായി കെഎസ്ആർടിസി എത്തി യാത്രക്കാരെ കൊണ്ടുപോകുന്നത് തങ്ങൾക്ക് വലിയ വരുമാനനഷ്ടമുണ്ടാക്കുന്നുവെന്ന് ബസുടമകൾ ആരോപിക്കുന്നു. തങ്ങളെ തകർക്കാനാണ് നീക്കമെന്ന് ആരോപിച്ച് ‘ബ്ലൂ ഹിൽ’ എന്ന സ്വകാര്യ ബസിന്റെ നേതൃത്വത്തിൽ 16 ബസുകൾ ജങ്ഷനിൽ ഇട്ടാണ് പ്രതിഷേധിച്ചത്. ഇതോടെ ബ്ലൂ ഹിൽ ബസുകൾ സർവീസ് നിർത്തിവച്ചു.
കെഎസ്ആർടിസി സർവീസില്ലാത്ത സ്ഥലങ്ങളിൽ പ്രിയദർശിനി ബസുകൾ ഓടിക്കില്ലെന്ന വാഗ്ദാനം ലംഘിച്ചെന്നും, പുതുതായി ഓടിക്കുന്ന ബസുകൾക്ക് പെർമിറ്റോ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ഇല്ലെന്നും സ്വകാര്യ ബസുടമകൾ ആരോപിച്ചു.
പ്രതിഷേധത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. ഒടുവിൽ പൊലീസെത്തിയാണ് പ്രിയദർശിനി ബസുകൾക്ക് സർവീസ് നടത്താനുള്ള സാഹചര്യമൊരുക്കിയത്. മുൻപും ഈ റൂട്ടിൽ തർക്കങ്ങൾ നിലനിന്നിരുന്നതിനാൽ പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് ആവശ്യം.