‘ഇന്ത്യൻ തെരഞ്ഞെടുപ്പ് മോഡൽ അമേരിക്കയിലും വരണം,വോട്ടർമാർക്ക് ഫോട്ടോ പതിച്ച ഐ.ഡി കാർഡ് നിർബന്ധമാക്കണം’; ‘സേവ് അമേരിക്ക ആക്ട്’പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തെയും വോട്ടർ തിരിച്ചറിയൽ രീതിയെയും പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ ഉടൻ പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് മാതൃകയെ വാനോളം പുകഴ്ത്തിയത്. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അമേരിക്കൻ ഭരണകൂടത്തോട് ചോദിച്ച സുപ്രധാനമായ ഒരു ചോദ്യവും ട്രംപ് തന്റെ പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഫോട്ടോ പതിച്ച വ്യക്തമായ തിരിച്ചറിയൽ കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുക എന്നായിരുന്നു ഗ്യാനേഷ് കുമാറിന്റെ ചോദ്യമെന്ന് ട്രംപ് കുറിച്ചു.
ഇന്ത്യയിൽ അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ 64.6 കോടി വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതെന്നും, ഇതിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് തപാൽ വഴി വോട്ട് ചെയ്തതെന്നും ട്രംപ് വ്യക്തമാക്കി. വോട്ട് ചെയ്ത ഓരോ വ്യക്തിക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ നിർബന്ധമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മികച്ച മാതൃക ഉൾക്കൊണ്ട് അമേരിക്കയിലും വോട്ടർ തിരിച്ചറിയൽ നടപടികൾ കൂടുതൽ കർശനമാക്കേണ്ടതുണ്ടെന്നും ഇതിനായി സേവ് അമേരിക്ക ആക്ട് അടിയന്തരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കയിൽ ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യുന്നവർ പൗരത്വം തെളിയിക്കുന്ന രേഖകൾക്കൊപ്പം സാധുവായ ഫോട്ടോ തിരിച്ചറിയൽ രേഖയും സമർപ്പിക്കണമെന്ന് നിഷ്കർഷിക്കുന്നതാണ് സേവ് അമേരിക്ക ആക്ട്. ഇതിനുപുറമെ രാജ്യത്ത് വ്യാപകമായി നടക്കുന്ന തപാൽ വോട്ടുകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ അമേരിക്കൻ തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകൾ വലിയൊരു പരിധിവരെ തടയാനാകുമെന്നാണ് ട്രംപിന്റെ വാദം. അതിനിടെ, ട്രംപിന്റെ ആവശ്യത്തെ പൂർണ്ണമായും പിന്തുണച്ചുകൊണ്ട് യു.എസ് അംബാസഡർ സെർജിയോ ഗോറും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് മാതൃക മികച്ചതാണെന്നും അമേരിക്കൻ കോൺഗ്രസ് സേവ് അമേരിക്ക ആക്ട് ഉടൻ പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.