04/09/2026
[fontresizer_tawhidurrahmandear_widget]

”അബ്ബ ഇനി ഒരിക്കലും തിരിച്ചുവരില്ല; ഞങ്ങൾക്ക് നിങ്ങളുടെ നഷ്ടപരിഹാരം വേണ്ട, ആ പണം കൊണ്ട് സ്‌കൂൾ നിർമിക്കൂ..”-അബ്ദുൽ ഹഫീസിന്റെ ആവശ്യം | CJP activist Abdul Hafiz father murder

 ”അബ്ബ ഇനി ഒരിക്കലും തിരിച്ചുവരില്ല; ഞങ്ങൾക്ക് നിങ്ങളുടെ നഷ്ടപരിഹാരം വേണ്ട, ആ പണം കൊണ്ട് സ്‌കൂൾ നിർമിക്കൂ..”-അബ്ദുൽ ഹഫീസിന്റെ ആവശ്യം | CJP activist Abdul Hafiz father murder

കൊൽക്കത്ത/ബങ്കുറ: സർക്കാർ പ്രൈമറി സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ ചോദ്യം ചെയ്തതിന്റെ പേരിൽ അക്രമികളുടെ മർദനമേറ്റ് പിതാവ് കൊല്ലപ്പെട്ട സംഭവത്തിൽ, സർക്കാരിന്റെ സാമ്പത്തിക നഷ്ടപരിഹാരം നിരസിച്ച് മകൻ(CJP activist Abdul Hafiz father murder). പശ്ചിമ ബംഗാളിലെ ബങ്കുറ ജില്ലയിലുള്ള ഇന്ദാസ് സ്വദേശിയും ‘കോക്രോച്ച് ജനതാ പാർട്ടി’ പ്രവർത്തകനുമായ ഷെയ്ഖ് അബ്ദുൽ ഹഫീസാണ് പണത്തിന് പകരമായി സ്വന്തം ഗ്രാമത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ഒരു സർക്കാർ സ്‌കൂൾ നിർമിക്കണമെന്ന് ആവശ്യപ്പെട്ടത്.

നാട്ടിലെ പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്‌കൂളിന്റെ ശോചനീയാവസ്ഥ മാറ്റാൻ ശബ്ദമുയർത്തിയതിനാണ് തന്റെ പിതാവ് ഷെയ്ഖ് മുഹമ്മദ് മാഫിക്ക് ക്രൂരമായി കൊല്ലപ്പെട്ടത്. അതിനാൽ നഷ്ടപരിഹാരത്തുക വാങ്ങി ഒതുങ്ങാൻ താൻ തയ്യാറല്ലെന്നും ഹഫീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പോരായ്മകൾ പരിഹരിക്കാനുള്ള പോരാട്ടം തുടരും. പിതാവിന്റെ ഓർമയ്ക്കായി ഒരു വിദ്യാലയം നിർമിക്കുകയാണ് ഏറ്റവും വലിയ ആദരവെന്നും യുവാവ് പറഞ്ഞു.

‘സ്‌കൂൾ ഠീക് കരോ’ ക്യാമ്പയിനും ആക്രമണവും | CJP activist Abdul Hafiz father murder

രാജ്യത്തെ സർക്കാർ സ്‌കൂളുകളിലെ തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങളും ഭരണപരമായ വീഴ്ചകളും തുറന്നുകാട്ടാനായി സി.ജെ.പി സംഘടിപ്പിച്ച ‘സ്‌കൂൾ ഠീക് കരോ'(സ്‌കൂളുകൾ നന്നാക്കൂ) എന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായാണ് അബ്ദുൽ ഹഫീസ് പ്രവർത്തിച്ചിരുന്നത്. ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ശേഷം നാട്ടിൽ തിരിച്ചെത്തിയ ഹഫീസ്, ഓഗസ്റ്റ് 13-ന് താൻ കുട്ടിക്കാലത്ത് പഠിച്ച ബങ്കുറയിലെ കാരിഷുന്ദ പശ്ചിമപാറ പ്രൈമറി സ്‌കൂൾ സന്ദർശിച്ചു.

വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളമില്ലാത്തതും വെളിച്ചക്കുറവും മോശം ശൗചാലയ സംവിധാനങ്ങളും അടക്കമുള്ള പ്രശ്‌നങ്ങൾ അദ്ദേഹം ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. എന്നാൽ സ്‌കൂൾ ഹെഡ്മാസ്റ്ററും ഒരു വിഭാഗം രാഷ്ട്രീയ ഗുണ്ടകളും ഇതിനെതിരെ തിരിയുകയും ഹഫീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന്, സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് രാത്രി അക്രമികൾ ഹഫീസിന്റെ വീട് വളഞ്ഞ് പിതാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഹമ്മദ് മാഫിക്കിനെ കമ്പിവടിയും ദണ്ഡുകളും ഉപയോഗിച്ച് അക്രമികൾ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ മാഫിക്കിനെ ബർധമാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങി. ബി.ജെ.പി പ്രവർത്തകരാണ് അക്രമികളെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ, ആരോപണം ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി നിഷേധിച്ചിട്ടുണ്ട്. അക്രമവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

‘പണം കൊണ്ട് എത്രനാൾ ജീവിക്കും? വേണ്ടത് വിദ്യാലയം’ | CJP activist Abdul Hafiz father murder

സംഭവത്തിന് പിന്നാലെ സി.ജെ.പി വക്താവ് അശുതോഷ് രാങ്ക, സി.പി.എം നേതാവ് ശതരൂപ് ഘോഷ്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ദേബാഞ്ജൻ ഡേ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം ബങ്കുറയിലെ വീട്ടിലെത്തി അബ്ദുൽ ഹഫീസിനെയും കുടുംബത്തെയും സന്ദർശിച്ചു. കുടുംബത്തിന് സാമ്പത്തിക സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കാനായി പോരാടുമെന്ന് അറിയിച്ചപ്പോഴാണ് ഹഫീസ് ധീരമായ നിലപാട് വ്യക്തമാക്കിയത്.

”എന്റെ അബ്ബ ഇനി ഒരിക്കലും തിരിച്ചുവരില്ല. വെറുമൊരു നഷ്ടപരിഹാരത്തുക കൊണ്ട് ഞങ്ങൾക്ക് എത്രനാൾ ജീവിക്കാൻ കഴിയും? വിദ്യാഭ്യാസ സംവിധാനം നന്നാക്കാൻ ശ്രമിച്ചതിനാണ് എന്റെ പിതാവിനു ജീവൻ നഷ്ടപ്പെട്ടത്. ആ പണം ഉപയോഗിച്ച് പാവപ്പെട്ട കുട്ടികൾക്കായി അദ്ദേഹത്തിന്റെ പേരിൽ സർക്കാർ ഒരു ലോകോത്തര സ്‌കൂൾ പണിയണം. അതാണ് ഞങ്ങളുടെ ആവശ്യം.”-ഹഫീസ് വിതുമ്പലോടെ പറഞ്ഞു.

ഹഫീസിന്റെ നിലപാടിനെ അഭിനന്ദിച്ച സി.ജെ.പി വക്താവ് അശുതോഷ് രാങ്ക, ഇത്തരം വലിയ ചിന്താഗതിയും വിപ്ലവവീര്യവും കുടുംബത്തിന്റെ വളർത്തുഗുണമാണെന്ന് പ്രശംസിച്ചു. അക്രമികളെ മുഴുവൻ പിടികൂടുന്നതു വരെ സി.ജെ.പി അടങ്ങില്ലെന്നും അശുതോഷ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ സംഘടനകൾ | CJP activist Abdul Hafiz father murder

വിഷയത്തിൽ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി ഹഫീസുമായി ഫോണിൽ സംസാരിക്കുകയും കുടുംബത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും, പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് കോടതി നിരീക്ഷണത്തിലുള്ള സമിതി അന്വേഷിക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.

ബംഗാളിലുടനീളം അടച്ചുപൂട്ടപ്പെട്ട ആയിരക്കണക്കിന് സർക്കാർ സ്‌കൂളുകൾ പുനരുജ്ജീവിപ്പിക്കാനും, സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കാനുമായി ‘സ്‌കൂൾ ഠീക് കരോ’ ക്യാമ്പയിൻ സംസ്ഥാന വ്യാപകമായി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഹഫീസും വിദ്യാർത്ഥി സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.

Also read: