‘യാത്രക്കാരന്റെ ജീവനാണ് മുഖ്യം’: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സർവീസ് റദ്ദാക്കി വിമാനം തിരികെ പറന്നു; ആകാശത്തെ കരുതലിന് കയ്യടിച്ച് സോഷ്യൽ മീഡിയ
ബെർലിൻ: പറക്കലിനിടെ യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് അമേരിക്കയിലെ ഷിക്കോഗോയിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം സർവീസ് റദ്ദാക്കി. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വിമാനം പിന്നീട് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
358 യാത്രക്കാരുമായി ഫ്രാങ്ക്ഫർട്ടിൽ നിന്ന് പുറപ്പെട്ട എൽഎച്ച് 430 നമ്പർ ബോയിങ് 747-8 ജംബോജെറ്റ് വിമാനത്തിലാണ് സംഭവം. ഒൻപത് മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കിടെ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലെത്തിയപ്പോഴാണ് യാത്രക്കാരന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. തുടർന്ന് രോഗിക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കാൻ പൈലറ്റ് വിമാനം ഗ്ലാസ്ഗോയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ലാൻഡിങ്ങിന് പിന്നാലെ യാത്രക്കാരനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. രോഗിയുടെ ലഗേജുകൾ ഇറക്കുന്നതിനും വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനും കാലതാമസമുണ്ടായി. തുടർന്ന് ജീവനക്കാരുടെ നിയമപരമായ ഡ്യൂട്ടി സമയം പൂർത്തിയായതിനെ തുടർന്ന് ഷിക്കോഗോയിലേക്കുള്ള യാത്ര പൂർണമായി റദ്ദാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
വിമാനം പിന്നീട് ഗ്ലാസ്ഗോയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് തന്നെ മടങ്ങി. ഇതേത്തുടർന്ന് ഷിക്കോഗോയിൽ നിന്നുള്ള മടക്ക സർവീസും റദ്ദാക്കി. യാത്രക്കാരായ 358 പേർക്കും മറ്റ് എയർലൈനുകളിലും തുടർന്നുള്ള സർവീസുകളിലുമായി ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കിയതായി ലുഫ്താൻസ അറിയിച്ചു.