04/09/2026
[fontresizer_tawhidurrahmandear_widget]

ബൈബിള്‍ ക്ലാസിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പാസ്റ്റർക്ക് വധശിക്ഷ

 ബൈബിള്‍ ക്ലാസിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പാസ്റ്റർക്ക് വധശിക്ഷ

തിരുനെൽവേലി: പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ പാസ്റ്റർ എസ്. അബ്രഹാമിന് (47) തിരുനെൽവേലിയിലെ പ്രത്യേക പോക്‌സോ കോടതി വധശിക്ഷ വിധിച്ചു. നാല് പെൺകുട്ടികൾക്കെതിരെയും നടന്ന പീഡനങ്ങളുടെ ഓരോ കേസിനും വെവ്വേറെ വധശിക്ഷയാണ് കോടതി പ്രഖ്യാപിച്ചത്. ഇതിനുപുറമേ, ഇരകളായ ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും തമിഴ്‌നാട് സർക്കാരിനോട് കോടതി നിർദേശിച്ചു.

തിരുനെൽവേലിക്ക് സമീപമുള്ള മേലെ ഇലന്തൈക്കുളത്ത് പ്രാർത്ഥനാലയം നടത്തിവരികയായിരുന്ന അബ്രഹാം, 2020-ലെ കോവിഡ് ലോക്ക്ഡൗൺ കാലത്താണ് ക്രൂരതയ്ക്ക് തുടക്കമിട്ടത്. ബൈബിൾ ക്ലാസുകളുടെയും സംഗീത ക്ലാസുകളുടെയും മറവിൽ കുട്ടികളെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലങ്ങളിലെത്തിച്ചായിരുന്നു പീഡനം. പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് വിവരം പുറത്തറിയാൻ വൈകിയത്.

2022-ൽ എട്ടു വയസ്സുകാരി ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് അമ്മയോട് വിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തുവരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അതേ കുടുംബത്തിലെ മറ്റ് മൂന്ന് പെൺകുട്ടികളും പീഡനത്തിനിരയായതായി വ്യക്തമാവുകയും, 2022 ജൂലൈയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് വിലയിരുത്തിയാണ് ജഡ്ജി കെ. സുരേഷ് കുമാർ വധശിക്ഷ വിധിച്ചത്. പ്രതിയുടെ കുറ്റം തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കിയാണ് ഈ നിർണായക വിധി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ഉഷ ഹാജരായി.

Also read: