04/09/2026
[fontresizer_tawhidurrahmandear_widget]

സ്റ്റേഷനിലെ ഓണാഘോഷം: ഇഡി ആക്രമണ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ

 സ്റ്റേഷനിലെ ഓണാഘോഷം: ഇഡി ആക്രമണ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായവർ പൊലീസ് സ്റ്റേഷനുള്ളിൽ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത സംഭവത്തിൽ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയെ സമീപിച്ചു. കേസിലെ ഒന്നാംപ്രതി നിതിൻ രാജ്, പതിനാറാം പ്രതി ഐ.പി. ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നടപടി.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാറാണ് കോടതിയിൽ ഇതുസംബന്ധിച്ച അപേക്ഷ സമർപ്പിച്ചത്. പ്രതികൾ കോടതി വിധിച്ച രണ്ട് പ്രധാന ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. സ്വന്തം അധികാരപരിധി ലംഘിച്ച് പൊലീസ് സ്റ്റേഷൻ്റെ ഭാഗമായ സ്ഥലങ്ങളിൽ എത്തിയെന്നും, സാക്ഷികളെയോ സാക്ഷികളെ സ്വാധീനിക്കാൻ ശേഷിയുള്ളവരെയോ തങ്ങൾക്ക് അടുത്ത ബന്ധമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നുമാണ് പ്രധാന ആരോപണം.

ജാമ്യ വ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ പ്രതികളെ കൂടുതൽ സമയം അവിടെ തങ്ങാൻ അനുവദിച്ചതാണ് പ്രധാന വീഴ്ചയെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒപ്പിട്ട ശേഷം പ്രതികളെ ഉടൻ തന്നെ സ്റ്റേഷനിൽ നിന്ന് ഒഴിവാക്കേണ്ടതായിരുന്നു. എന്നാൽ ഇതിന് വിപരീതമായി പ്രതികൾ സ്റ്റേഷനിൽ തങ്ങുകയും, അവിടെ ഒരുക്കിയിരുന്ന ഊഞ്ഞാലാട്ടവും ചെണ്ടകൊട്ടും ഉൾപ്പെടെയുള്ള ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുക്കുകയുമായിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പ്രതികളെ മാറ്റിനിർത്താനോ പറഞ്ഞുവിടാനോ ഉള്ള ഒരു നടപടിയും ഉണ്ടായില്ല. സംഭവസമയത്ത് എസ്.എച്ച്.ഒ (SHO) സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. അതിനാൽ ജി.ഡി (GD) ചാർജ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും കാവൽ ചുമതലയുണ്ടായിരുന്ന പോലീസുകാർക്കുമാണ് ഗുരുതര വീഴ്ച സംഭവിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Also read: