02/09/2026
[fontresizer_tawhidurrahmandear_widget]

‘ജെൻ സിക്കും ആൽഫക്കും മുന്നിൽ അധികാരികൾക്ക് തലകുനിക്കേണ്ടി വന്നു’; പോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് സിജെപി

 ‘ജെൻ സിക്കും ആൽഫക്കും മുന്നിൽ അധികാരികൾക്ക് തലകുനിക്കേണ്ടി വന്നു’; പോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് സിജെപി

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി വിവിധ സംസ്ഥാന സർക്കാരുകൾ സമിതികൾ രൂപീകരിക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ കുട്ടികളുടെയും യുവജനങ്ങളുടെയും ആവശ്യങ്ങൾക്ക് മുന്നിൽ അധികാരികൾക്ക് തലകുനിക്കേണ്ടി വന്നതായി കോക്രോച്ച് ജനതാ പാർട്ടി ചൂണ്ടിക്കാണിച്ചു. ‘സ്കൂൾ ശരിയാക്കൂ’ എന്ന തങ്ങളുടെ പ്രധാന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് സിജെപി വ്യക്തമാക്കി.

രാജ്യത്തെ കുട്ടികളുടെയും യുവജനങ്ങളുടെയും ശബ്ദം ഭരണാധികാരികളെ കേൾപ്പിക്കാനും അവർക്ക് അർഹമായ അവകാശങ്ങൾ നേടിയെടുക്കാനും തങ്ങളുടെ ഈ മുന്നേറ്റത്തിന് സാധിച്ചിട്ടുണ്ട്. വിദൂര ഗ്രാമങ്ങളിലെയും ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെയും കുട്ടികൾക്ക് വരെ ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാകുന്നത് വരെ ഈ പോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് സംഘടന അറിയിച്ചു.

ഇതിന്റെ ഭാഗമായി കർണാടക സർക്കാർ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെക്കുറിച്ച് സമഗ്രമായി പഠിക്കുന്നതിനായി മന്ത്രിസഭയിലെ അഞ്ചംഗ ഉപസമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് റായ റെഡ്ഡി, പ്രിയങ്ക് ഖർഗെ, ശരൺ പ്രകാശ് പാട്ടീൽ, മധു ബംഗാരപ്പ എന്നിവരടങ്ങുന്ന സമിതിയാണ് രൂപീകരിച്ചത്. പരീക്ഷാ സുതാര്യത, ഫീസ് നിയന്ത്രണം, അടിസ്ഥാന സൗകര്യ വികസനം, സിലബസ്, വിദ്യാർഥികളുടെ മാനസിക ആരോഗ്യം എന്നിവയാണ് പ്രധാനമായും ഈ സമിതിയുടെ പരിശോധനാ വിഷയങ്ങൾ.

കൂടാതെ, രാജസ്ഥാൻ സർക്കാരും സർക്കാർ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സിജെപി പ്രതിനിധികൾ ജയ്‌പൂരിലെ വിവിധ സ്‌കൂളുകൾ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനങ്ങൾ ഉണ്ടായിട്ടുള്ളത്. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ പ്രകടമായ മാറ്റങ്ങൾ കൊണ്ടുവരാൻ യുവജനങ്ങളുടെയും കുട്ടികളുടെയും ഈ കൂട്ടായ്മ‌ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

Also read: