മൃതദേഹത്തിന്റെ മുടിയിൽ പിടിച്ച് കരയ്ക്കെത്തിച്ച് സ്വർണക്കമ്മലുകൾ കവർന്നു; നേപ്പാൾ പ്രളയത്തിനിടെ ക്രൂരത കാട്ടിയ 2 പേർ പിടിയിൽ
കാഠ്മണ്ഡു: പ്രകൃതിദുരന്തത്തിൽപ്പെട്ട് ജീവൻ പൊലിഞ്ഞ സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മലുകൾ കവർന്ന രണ്ടുപേരെ നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരത്പുർ മെട്രോപൊളിറ്റൻ സിറ്റിയിലെ പൊഖാറ ബസ് പാർക്കിന് സമീപത്തുനിന്നാണ് മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മിന്നൽപ്രളയത്തെ തുടർന്ന് നാരായണി നദിയിലൂടെ ഒഴുകിയെത്തിയ സ്ത്രീയുടെ മൃതദേഹം ഇരുവരും ചേർന്ന് കരയിലേക്ക് വലിച്ചടുപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ നേപ്പാൾ പൊലീസും പുറത്തുവിട്ടിട്ടുണ്ട്.
മരപ്പലകകളും സ്ത്രീയുടെ മുടിയും പിടിച്ച് മൃതദേഹം കരയിലേക്ക് വലിച്ചുകയറ്റിയ ശേഷം, ഇരുചെവികളിലുമുണ്ടായിരുന്ന സ്വർണക്കമ്മലുകൾ ഇരുവരും ചേർന്ന് ബലമായി അഴിച്ചെടുക്കുന്നതാണ് വീഡിയോയിലുള്ളത്. മനുഷ്യത്വമില്ലാത്ത ഇത്തരം പ്രവർത്തികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
നേപ്പാൾ-തിബറ്റ് അതിർത്തിയിലുണ്ടായ ഹിമവിസ്ഫോടനത്തെയും മിന്നൽപ്രളയത്തെയും തുടർന്ന് വൻ ദുരന്തത്തിനാണ് നേപ്പാൾ സാക്ഷ്യം വഹിക്കുന്നത്. മണ്ണിടിച്ചിലിൽ നിരവധി ഗ്രാമങ്ങൾ പൂർണമായും തകർന്നു. അപകടത്തിൽ മരണസംഖ്യ 472 ആയി ഉയർന്നതായും 1,400-ലധികം പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെങ്കിലും മഴ കനക്കുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.