‘ഈ വണ്ടി ഞാൻ ഇങ്ങ് എടുക്കുവാ..’; സർവീസിന് നൽകിയ വാഹനം നൽകിയില്ല, പകരം ഓല ഷോറൂമിൽ നിന്ന് പുതിയ സ്കൂട്ടറെടുത്ത് കൊണ്ടുപോയി വികാരിയുടെ പ്രതിഷേധം
കോട്ടയം: സർവീസിനായി നൽകിയ വാഹനം കൃത്യസമയത്ത് നന്നാക്കി നൽകാത്തതിൽ പ്രതിഷേധിച്ച് ഓല ഷോറൂമിൽ നിന്ന് പുതിയ സ്‌കൂട്ടറുമായി മടങ്ങി ഉപഭോക്താവ്. കോട്ടയം മണിപ്പുഴയിലുള്ള ഓല ഷോറൂമിലാണ് തോട്ടക്കാട് പള്ളി വികാരിയായ ഫാ. ജോൺസ് എബ്രഹാം വ്യത്യസ്ത രീതിയിൽ പ്രതിഷേധം അറിയിച്ചത്.
ലക്ഷങ്ങൾ മുടക്കി വാങ്ങിയ വാഹനം സർവീസിന് നൽകിയെങ്കിലും കൃത്യമായി സ്പെയർ പാർട്സുകൾ ലഭ്യമാക്കുകയോ വാഹനം നന്നാക്കി നൽകുകയോ ചെയ്തിരുന്നില്ല. ഇതിൽ പ്രകോപിതനായാണ് വികാരിയുടെ നടപടി. ഷോറൂം ജീവനക്കാരുമായി വാക്കേറ്റമുണ്ടായതിനെ തുടർന്ന്, സർവീസിന് നൽകിയ തന്റെ വാഹനം തിരികെ തരുമ്പോൾ മാത്രം ഈ പുതിയ സ്‌കൂട്ടർ തിരിച്ചേൽപ്പിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് നേരിട്ട നഷ്ടത്തിന് ഈടായിട്ടാണ് വാഹനം കൊണ്ടുപോകുന്നതെന്നും ഫാ. ജോൺസ് പറഞ്ഞു.
ഓല സ്കൂട്ടറുകളുടെ മോശം സർവീസിനെതിരെ ഇതിനുമുമ്പും നിരവധി ഉപഭോക്താക്കൾ രംഗത്തെത്തുകയും മോട്ടോർ വാഹന വകുപ്പിനും ജില്ലാ ഭരണകൂടത്തിനും പരാതി നൽകുകയും ചെയ്തിരുന്നു.