05/09/2026
[fontresizer_tawhidurrahmandear_widget]

‘ഞങ്ങൾക്കുവേണ്ടി ജോലി ചെയ്യാൻ വരൂ’: നദി വൃത്തിയാക്കി വൈറലായ 20-കാരന് ഡച്ച് സംഘടനയുടെ ജോലി വാഗ്ദാനം; നെതർലാൻഡ്‌സിലേക്ക് ക്ഷണിച്ച് ബോയാൻ സ്ലാറ്റ്

 ‘ഞങ്ങൾക്കുവേണ്ടി ജോലി ചെയ്യാൻ വരൂ’: നദി വൃത്തിയാക്കി വൈറലായ 20-കാരന് ഡച്ച് സംഘടനയുടെ ജോലി വാഗ്ദാനം; നെതർലാൻഡ്‌സിലേക്ക് ക്ഷണിച്ച് ബോയാൻ സ്ലാറ്റ്

മാലിന്യം നിറഞ്ഞു വഴിയോരങ്ങളിൽ അവഗണിക്കപ്പെട്ടു കിടന്ന അജ്നാർ നദി മാസങ്ങളോളം നീണ്ട പരിശ്രമത്തിലൂടെ വീണ്ടെടുത്ത 20-കാരന് അന്താരാഷ്ട്ര തലത്തിൽ നിന്നൊരു അപ്രതീക്ഷിത സമ്മാനം. സുരേന്ദ്ര സിങ് ചൗധരി (ബിട്ടു തബഹി) എന്ന ഇന്ത്യൻ യുവാവിനാണ് അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ‘ദി ഓഷ്യൻ ക്ലീനപ്പ്’ ജോലി വാഗ്ദാനം ചെയ്തത്.

സ്വന്തം നിലയിൽ നദിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത ബിട്ടുവിന്റെ ശുചീകരണത്തിന് മുമ്പും ശേഷവുമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ‘ദി ഓഷ്യൻ ക്ലീനപ്പ്’ സ്ഥാപകനും സിഇഒയുമായ ബോയാൻ സ്ലാറ്റ്, “ഞങ്ങൾക്കുവേണ്ടി ജോലി ചെയ്യാൻ വരൂ” എന്ന് എക്സിലൂടെ യുവാവിനെ ക്ഷണിച്ചത്. സമുദ്രങ്ങളിലും നദികളിലും പ്ലാസ്റ്റിക് മലിനീകരണം തടയാൻ പ്രവർത്തിക്കുന്ന നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള പ്രമുഖ സംഘടനയാണിത്. സ്ലാറ്റിന്റെ പ്രതികരണത്തിന് പിന്നാലെ ബിട്ടുവിന് നെതർലാൻഡ്‌സിലേക്ക് താമസം മാറാനുള്ള അവസരവും ജോലിയും ലഭിച്ചതായി പ്രചാരണമുണ്ട്.

ഈ ജോലി വാഗ്ദാനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. യുവാവ് ഈ അവസരം ഉപയോഗപ്പെടുത്തി മികച്ച ഭാവി കെട്ടിപ്പടുക്കാൻ വിദേശത്തേക്ക് പോകണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അധ്വാനത്തെ ബഹുമാനിക്കുന്ന അന്തരീക്ഷവും കുടുംബത്തിന്റെ ജീവിതനിലവാരം ഉയർത്താനുള്ള വഴിയുമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ ഈ നീക്കത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇന്ത്യയെയും ഇന്ത്യക്കാരെയും മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്നും കൊളോണിയൽ മാനസികാവസ്ഥയുള്ള ഇത്തരം കാര്യങ്ങളിൽ വീഴരുതെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ഇതിനിടയിലും ഇത് യഥാർത്ഥ വാഗ്ദാനമാണെങ്കിൽ യുവാവിന്റെ ഭാവി മാറ്റിയെഴുതാൻ ഇത് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

Also read: