28/03/2026
[fontresizer_tawhidurrahmandear_widget]

‘ജയ് ശ്രീറാം’ പോസ്റ്റും ഹനുമാന്‍ ടാറ്റൂവും ശ്രദ്ധിച്ചെന്ന് മോദി; മോദിയുടെ പ്രസംഗങ്ങള്‍ പ്രചോദനമായെന്ന് ദീപ്തി ശര്‍മ-ഇന്ത്യന്‍ ചാംപ്യന്‍ സംഘത്തിന് പ്രധാനമന്ത്രിയുടെ ആദരം

 ‘ജയ് ശ്രീറാം’ പോസ്റ്റും ഹനുമാന്‍ ടാറ്റൂവും ശ്രദ്ധിച്ചെന്ന് മോദി; മോദിയുടെ പ്രസംഗങ്ങള്‍ പ്രചോദനമായെന്ന് ദീപ്തി ശര്‍മ-ഇന്ത്യന്‍ ചാംപ്യന്‍ സംഘത്തിന് പ്രധാനമന്ത്രിയുടെ ആദരം

ന്യൂഡല്‍ഹി: ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രവിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ മോദിയുടെ വസതിയിലാണ് താരങ്ങള്‍ക്ക് സ്വീകരണമൊരുക്കിയത്. ടീമംഗങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി ഏറെസമയം ചെലവഴിക്കുകയും ഓരോരുത്തരുടെയും പ്രകടനത്തെ പ്രത്യേകം പേരെടുത്തു പറഞ്ഞു പ്രശംസിക്കുകയും ചെയ്തു.

കൂടിക്കാഴ്ചയ്ക്കിടയില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ഫൈനലിലെ താരവമായ ദീപ്തി ശര്‍മയുമായുള്ള മോദിയുടെ സംഭാഷണവും വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ദീപ്തിയുടെ കൈത്തണ്ടയിലെ ‘ഹനുമാന്‍’ ടാറ്റൂ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ടാറ്റൂവിനെ കുറിച്ച് പ്രത്യേകമായി ചോദിച്ചറിയുകയും ചെയ്തു. തന്നെക്കാള്‍ തനിക്കു വിശ്വാസം ഹനുമാനെയാണെന്ന് ദീപ്തി മറുപടി നല്‍കി.

ടാറ്റൂവിന് പുറമെ, ദീപ്തി ശര്‍മ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളില്‍ ‘ജയ് ശ്രീറാം’ ഹാഷ്ടാഗുകള്‍ ചേര്‍ക്കുന്നതും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ദീപ്തിയുടെ വ്യക്തിപരമായ നിലപാടുകളും വിശ്വാസ്യതയിലുള്ള അര്‍പ്പണബോധവും മോദി അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ തനിക്ക് വ്യക്തിപരമായി വളരെ പ്രചോദനമായെന്നും ദീപ്തി ശര്‍മ വെളിപ്പെടുത്തി.

ലോകകപ്പ് ട്രോഫി ടീമിനൊപ്പം ഉയര്‍ത്തിയാണ് പ്രധാനമന്ത്രി തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഈ ചരിത്ര വിജയം രാജ്യത്തെ യുവതലമുറയ്ക്ക് പ്രചോദനമാകുമെന്നും, ഇത് ഒരുപാട് പെണ്‍കുട്ടികള്‍ക്ക് കായികരംഗത്തേക്ക് വരാന്‍ ഊര്‍ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീമിന്റെ ഭാവിയിലേക്കുള്ള എല്ലാ മത്സരങ്ങള്‍ക്കും അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തു.

‘നമോ 1’ എന്ന് എഴുതിയ ജഴ്‌സി മോദി താരങ്ങള്‍ക്കു സമ്മാനിച്ചു. തിരിച്ച് മുഴുവന്‍ താരങ്ങളും ഒപ്പുവച്ച ടീം ജഴ്‌സി വനിതാ സംഘം പ്രധാനമന്ത്രിക്കു തിരിച്ചുനല്‍കുകയും ചെയ്തു.

Also read: