‘ഇറാനുമായുള്ള യുദ്ധം ജയിച്ചാൽ എണ്ണവില കുത്തനെ കുറയും’; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വിജയം കൈവരിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിയുമെന്ന് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം. തൻ്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് ഈ പ്രവചനം നടത്തിയിരിക്കുന്നത്.
ഇറാനെതിരായ പോരാട്ടം അവസാനിക്കുന്നതോടെ മറ്റ് സാധനങ്ങളുടെ വില കുറയുന്നതിന് സമാനമായി എണ്ണവിലയും ഗണ്യമായി കുറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. യു.എസ് വിപണിയിൽ എണ്ണ വില ഗാലന് ആദ്യം മൂന്ന് ഡോളറിലേക്കും പിന്നീട് രണ്ട് ഡോളറിന് താഴേക്കും എത്തും. മാറ്റങ്ങളെല്ലാം വളരെ വേഗത്തിലായിരിക്കും സംഭവിക്കുകയെന്നും, ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്നും ട്രംപ് അവകാശപ്പെട്ടു. തൻ്റെ പ്രശസ്തമായ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന മുദ്രാവാക്യത്തോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
അതേസമയം, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ദിനംപ്രതി കൂടുതൽ രൂക്ഷമായി തുടരുകയാണ്. എണ്ണ ടാങ്കറുകൾക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഗൾഫ് മേഖലയിലെ അമേരിക്കൻ എണ്ണ-വാതക കമ്പനികൾക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസിൽ ഒമാനുമായി ധാരണയിലെത്തിയ പുതിയ കപ്പൽ റൂട്ടും നിയന്ത്രിത പ്രദേശവും ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും ഇറാൻ വ്യക്തമാക്കി.
ഹോർമുസിലെ പ്രതിസന്ധി ഇതേപടി തുടർന്നാൽ ആഗോള ഊർജ്ജ-സാമ്പത്തിക മേഖല വലിയ തകർച്ച നേരിടുമെന്ന് ഖത്തറും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ ഈ യുദ്ധസമാന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 98 ഡോളറിലേക്ക് കുതിച്ചുയർന്നു. എന്നാൽ, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് ആഗോള സമ്പദ്വ്യവസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ഇറാൻ്റെ ശ്രമങ്ങൾക്കെതിരെ ശക്തവും നിർണായകവുമായ നടപടികൾ തുടരുമെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കുന്നത്.
‘വിലക്കയറ്റം എനിക്കിഷ്ടമാണ്, ആരെക്കുറിച്ചും ഞാനിപ്പോൾ ചിന്തിക്കുന്നില്ല’; ഇറാൻ യുദ്ധം...
3 months ago