അമേരിക്ക കരാർ ലംഘിച്ചു; വീണ്ടും ഹോർമുസ് അടച്ച് ഇറാൻ, കടലിടുക്കിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു
തെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇസ്രയേലുമായുള്ള വെടിനിർത്തൽ പശ്ചാത്തലത്തിൽ കപ്പൽപാത തുറന്നുനൽകാൻ ധാരണയായിരുന്നുവെങ്കിലും, അമേരിക്ക വാഗ്ദാനങ്ങളിൽനിന്ന് പിന്തിരിഞ്ഞതാണ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാൻ കാരണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ വിതരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതിന് പകരമായി തങ്ങൾക്കെതിരെയുള്ള ചില സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യാമെന്ന് അമേരിക്ക സമ്മതിച്ചിരുന്നുവെന്ന് ഇറാൻ അവകാശപ്പെടുന്നു. ഇറാനിൽനിന്നു ചരക്കുമായി പോകുന്ന കപ്പലുകൾക്കുള്ള ഉപരോധം നീക്കണമെന്നത് ഇതിൽ പ്രധാന ആവശ്യമായിരുന്നു. എന്നാൽ, ഈ ധാരണ പാലിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്ന് ഇറാൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ നടപടി വിശ്വാസവഞ്ചനയാണെന്നും തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പാതയിൽ നിയന്ത്രണങ്ങൾ തുടരുമെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് അറിയിച്ചു.
ലോകത്തെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന പാതയാണിത്. കഴിഞ്ഞ ദിവസങ്ങളിൽ പാത തുറന്നതോടെ എണ്ണവിലയിൽ നേരിയ കുറവുണ്ടായിരുന്നു. എന്നാൽ, ഇറാന്റെ പുതിയ നീക്കത്തോടെ ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. കപ്പലുകൾക്ക് സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ ഇൻഷുറൻസ് പ്രീമിയം വർധിക്കുന്നതും ആഗോള വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കും.