‘ക്ഷമ ചോദിച്ചപ്പോള്‍ അദ്ദേഹം വലുതാകുകയും ഞാന്‍ ചെറുതാകുകയും ചെയ്തു, ചേന്തി അനിലിനോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു’; വഴിയിൽ തടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: തന്നെ വഴി തടയുകയും മോശമായി പെരുമാറുകയും ചെയ്ത കോൺഗ്രസ് നേതാവ് ചേന്തി അനിലിനോട് ക്ഷമിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അനിൽ തന്നോട് ക്ഷമ ചോദിച്ചിരുന്നെന്നും, തെറ്റ് ഏറ്റുപറഞ്ഞതിലൂടെ അദ്ദേഹം വലുതാവുകയും താൻ ചെറുതാവുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാൽ ഈ വിഷയത്തിൽ തനിക്ക് അദ്ദേഹത്തോട് യാതൊരുവിധ വിരോധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷണിച്ച പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് വാഹനം തടയുന്നതിലേക്ക് നയിച്ചത്. ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പരിപാടിയിലേക്കാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നത്. എന്നാൽ ചെമ്പഴന്തിയിൽ നടക്കുന്ന ശ്രീനാരായണ ഗുരുജയന്തി ആഘോഷത്തിൽ പങ്കെടുക്കേണ്ടതിരുന്നതിനാൽ ഈ പരിപാടിക്ക് എത്താനാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ തന്നെ സംഘാടകരെ അറിയിച്ചിരുന്നു.
എന്നാൽ, വൈകിട്ട് പരിപാടി ആരംഭിക്കുന്നതിന് അല്പം മുൻപ് മാത്രമാണ് തങ്ങളെ ഈ വിവരം അറിയിച്ചതെന്ന് സംഘാടകർ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ചേന്തി അനിൽ മുഖ്യമന്ത്രിയോട് കയർത്ത് സംസാരിക്കുകയും വാഹനം തടയുകയും ചെയ്തത്. ഈ സംഭവത്തിൽ അനിലിനെതിരെ പോലീസ് കേസെടുക്കുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് അനിൽ മുഖ്യമന്ത്രിയോട് നേരിട്ട് ക്ഷമാപണം നടത്തിയത്. ഇതോടെയാണ് വിവാദങ്ങൾക്ക് അവസാനമായത്.