‘അസ്സലാമു അലൈക്കും’, ‘ഇൻഷാ അല്ലാഹ്’, ‘ജസാക്കല്ലാഹ്’ പ്രയോഗങ്ങൾക്കെതിരെ പരാതി: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം
കൊൽക്കത്ത: സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി പങ്കുവെച്ച വീഡിയോയിൽ ‘അസ്സലാമു അലൈക്കും’, ‘ഇൻഷാ അല്ലാഹ്’ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചെന്ന പരാതിക്ക് പിന്നാലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം. പശ്ചിമ ബംഗാൾ കേഡറിലെ 2021 ബാച്ച് ഐപിഎസ് ഓഫീസറായ ബുഷ്റ ബാനോയെയാണ് ഖരഗ്പൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) പദവിയിൽ നിന്ന് മാറ്റി സ്റ്റേറ്റ് ആംഡ് പോലീസിന്റെ ഡെപ്യൂട്ടി കമാൻഡന്റായി നിയമിച്ചത്.
സെപ്റ്റംബർ 13-ന് പുറത്തുവിട്ട വീഡിയോയിലാണ് സിവിൽ സർവീസ് തയ്യാറെടുപ്പുകളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സംസാരിക്കവെ ബുഷ്റ ബാനോ ‘അസ്സലാമു അലൈക്കും’, ‘ഇൻഷാ അല്ലാഹ്’, ‘ജസാക്കല്ലാഹ്’ തുടങ്ങിയ പ്രയോഗങ്ങൾ നടത്തിയത്. ഇതിനെതിരെ ‘ഹിന്ദു ലീഗൽ ഫണ്ട്’ എന്ന സംഘടന ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകുകയായിരുന്നു. ഭരണഘടനാ പദവിയിലുള്ള ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കണമെന്നും ഇത്തരം വാക്കുകൾക്ക് പകരം ‘ജയ് ഹിന്ദ്’ അല്ലെങ്കിൽ ‘വന്ദേ മാതരം’ എന്നിവയാണ് ഉപയോഗിക്കേണ്ടതെന്നുമായിരുന്നു സംഘടനയുടെ ആരോപണം.
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വ്യക്തിസ്വാതന്ത്ര്യത്തെ ചൊല്ലി വലിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് സർക്കാരിന്റെ ഈ നടപടി. ഉത്തർപ്രദേശിലെ കനൗജ് സ്വദേശിയായ ബുഷ്റ ബാനോ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡിയും സൗദി അറേബ്യയിൽ അസിസ്റ്റന്റ് പ്രൊഫസർ ജോലിയും പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവീസിലെത്തുന്നത്. 234-ാം റാങ്കോടെയാണ് ഇവർ ഐപിഎസ് നേടിയത്.
അതേസമയം, ഖരഗ്പൂർ എഎസ്പിയായി പാർത്ഥ ഘോഷിനെയും ചന്ദൻനഗർ കമ്മീഷണറേറ്റിൽ ശുഭേന്ദു മണ്ഡലിനെയും നിയമിച്ചുള്ള ഭരണപരമായ പുനഃസംഘടനയുടെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം.