‘ഞാനിപ്പോൾ സേഫാണ്, സഹായിച്ചത് ഇന്ത്യന്‍ എംബസി, റീച്ചിന് വേണ്ടിയുള്ള ശ്രമമെന്ന് വിമർശിച്ചവരോട് പുച്ഛം മാത്രം’; വിശദീകരണവുമായി മലയാളി യാത്രിക അരുണിമ
കാബൂൾ: അഫ്ഗാനിസ്ഥാനിലൂടെ യാത്ര ചെയ്യുന്നതിനിടെ താലിബാൻ തടഞ്ഞുവെച്ച മലയാളി സഞ്ചാരി അരുണിമ താലിബാൻ കസ്റ്റഡിയിൽ നിന്ന് മോചിതയായി. ഇന്ത്യൻ എംബസിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള പുതിയ വീഡിയോയിലൂടെയാണ് അരുണിമ നിലവിലെ അവസ്ഥ വ്യക്തമാക്കിയിരിക്കുന്നത്. തടഞ്ഞുവെച്ച ബമിയാനിൽ നിന്ന് രണ്ട് അഫ്ഗാൻ സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം കാബൂളിലേക്ക് മടങ്ങുകയാണെന്നും ഉടൻ തന്നെ അഫ്ഗാനിസ്ഥാൻ വിടുമെന്നും അവർ അറിയിച്ചു.
അഫ്ഗാനിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥർ മുറിയിൽ എത്തി സംസാരിച്ചുവെന്നും ഇന്ത്യൻ എംബസിയുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും അരുണിമ പറഞ്ഞു. ഇന്ത്യൻ എംബസിയുടെ ഇടപെടലാണ് രക്ഷപ്പെടാൻ സഹായിച്ചതെന്നും അവർ വീഡിയോയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് താലിബാൻ തടഞ്ഞുവെച്ചെന്നും അറസ്റ്റ് ചെയ്തേക്കാമെന്നും കാണിച്ച് അരുണിമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവരെ വിട്ടയക്കുകയായിരുന്നു.
അറസ്റ്റിലാകുമെന്ന ഭയം കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നതിനാലാണ് വീഡിയോ ചെയ്യാതെ ഫേസ്ബുക്കിൽ കുറിപ്പ് മാത്രമായി പങ്കുവെച്ചതെന്ന് അരുണിമ പറഞ്ഞു. എന്നാൽ താൻ അറസ്റ്റിലായി എന്ന വാർത്ത പരന്നതോടെ നാട്ടിൽ നിന്നും വീട്ടുകാരും സുഹൃത്തുക്കളും വിളിച്ച് വലിയ ആശങ്കയിലായെന്നും അവർ വെളിപ്പെടുത്തി. വാർത്തയെ റീച്ചിന് വേണ്ടിയുള്ള ശ്രമമെന്ന് വിമർശിച്ചവരോട് പുച്ഛം മാത്രമാണുള്ളതെന്നും സ്വന്തം ജീവൻ അപകടത്തിലാക്കി ആരെങ്കിലും റീച്ചിന് ശ്രമിക്കുമോ എന്നും അവർ ചോദിച്ചു.
യാത്രാ പെർമിറ്റില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അരുണിമയെ താലിബാൻ തടഞ്ഞത്. സ്ത്രീകൾക്ക് തനിച്ച് യാത്ര ചെയ്യാൻ കഴിയില്ലെന്നും പെർമിറ്റ് ലഭിക്കാൻ ഗൈഡ് വേണമെന്നുമാണ് താലിബാൻ വ്യക്തമാക്കിയത്. എന്നാൽ കഴിഞ്ഞ 27 ദിവസമായി അരുണിമ ഒറ്റയ്ക്കാണ് അഫ്ഗാനിൽ യാത്ര ചെയ്യുന്നതെന്ന് മനസ്സിലാക്കിയതോടെ ഗുരുതര നിയമലംഘനമാണെന്ന് താലിബാൻ ആരോപിക്കുകയും അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. കെഞ്ചി അപേക്ഷിച്ചാണ് താൽക്കാലികമായി അറസ്റ്റ് ഒഴിവാക്കിയതെന്നും കടുത്ത ഭീതിയിലായിരുന്നുവെന്നും അവർ വ്യക്തമാക്കി.