‘പോപ്കോൺ വിലയിൽ ജനങ്ങളിൽ പ്രതിഷേധമുണ്ട്, തിയേറ്ററുകളിലെ അന്യായവില അനുവദിക്കില്ല’; 33 കേസുകൾ എടുത്തതായി മന്ത്രി അനൂപ് ജേക്കബ്
അനൂപ് ജേക്കബ്
തിരുവനന്തപുരം: തിയേറ്ററുകളിൽ നടക്കുന്ന ലഘുഭക്ഷണങ്ങളുടെ അമിതവില ഈടാക്കലിനെതിരെ പ്രതികരണവുമായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. തിയേറ്ററുകളിലെ പോപ്കോൺ വിലയിൽ ജനങ്ങളിൽ കടുത്ത പ്രതിഷേധമുണ്ടെന്നും ഈ സാഹചര്യം തിയേറ്ററുടമകൾ മനസ്സിലാക്കണമെന്നും മന്ത്രി വ്യക്തമാക്കി. അന്യായമായി ഉയർന്ന വില ഈടാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, വിഷയത്തിൽ നിലവിൽ 33 കേസുകൾ എടുത്തിട്ടുണ്ടെന്നും അറിയിച്ചു.
തിയേറ്ററുകളിൽ വരും ദിവസങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധന തുടരുമെന്ന് മന്ത്രി അറിയിച്ചു. പാക്കേജ്ഡ് ഉൽപ്പന്നങ്ങൾക്ക് എം.ആർ.പിയേക്കാൾ കൂടുതൽ തുകയാണ് പല തിയേറ്ററുകളും ഈടാക്കുന്നത്. 80 ഗ്രാം പോപ്കോണിന് 295 രൂപ മുതൽ മുകളിലേക്കാണ് പലയിടത്തും വാങ്ങുന്നത്. ഇതിനുപുറമെ ചായ, കാപ്പി, കുടിവെള്ളം എന്നിവയ്ക്കും വൻ തുകയാണ് തിയേറ്ററുകളിൽ ഈടാക്കുന്നത്.