‘ആദ്യം എഐ ചിത്രമോ തമാശയോ ആകുമെന്ന് കരുതി; കാര്യം അറിഞ്ഞപ്പോള്‍ ഭയവും ആശങ്കയുമായി’; പ്രതികരിച്ച് ബ്രസീലിയന്‍ മോഡല്‍
ബ്രസീലിയ: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ക്ക് പിന്നാലെ ചര്‍ച്ചയായ ബ്രസീലിയന്‍ യുവതി ലാരിസ നെറി കൂടുതല്‍ പ്രതികരണവുമായി രംഗത്ത്. തന്റെ ചിത്രം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിച്ചതില്‍ ആശങ്കയുണ്ടെന്ന് അവര്‍ പറഞ്ഞു.
‘ആദ്യം എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. അതൊരു തമാശയാണെന്നാണ് ഞാന്‍ കരുതിയത്. എന്റെ ചിത്രം പശ്ചാത്തലത്തിലുള്ള വീഡിയോ കണ്ടപ്പോള്‍ അത് എഐ ആണെന്ന് പോലും തോന്നി. എന്നാല്‍, കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ എനിക്ക് പേടി തോന്നി. ഇപ്പോള്‍ എന്തുചെയ്യണമെന്ന് എനിക്കറിയില്ല, കാരണം എന്റെ ചിത്രം ഉപയോഗിച്ച് ആളുകള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് ഉറപ്പില്ല,’-ഹെയര്‍ഡ്രസര്‍ കൂടിയായ ലാരിസ പറഞ്ഞു.
ഭാഷാപരമായ പരിമിതി കാരണം തന്റെ പേരില്‍ വരുന്ന ‘മീമുകളും’ ട്രോളുകളും മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. വിവാദമായ ചിത്രം എട്ട് വര്‍ഷം മുമ്പ്, തനിക്ക് ഏകദേശം 20 വയസ്സുള്ളപ്പോള്‍ എടുത്തതാണെന്നും അവര്‍ പറഞ്ഞു.
താന്‍ ഒരിക്കലും ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയ ലാരിസ, രാഹുല്‍ ഗാന്ധിയെക്കുറിച്ചോ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മറ്റാരെക്കുറിച്ചോ കേട്ടിട്ടുപോലുമില്ലെന്നും കൂട്ടിച്ചേര്‍ത്തു. താന്‍ രാഷ്ട്രീയമായി ഒരു കാര്യത്തിലും പങ്കെടുക്കാറില്ലെന്നും ഒരിക്കലും ബ്രസീല്‍ വിട്ടുപോയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. നിലവില്‍ തന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരിക്കുകയാണ് ലാരിസ.
കഴിഞ്ഞ വര്‍ഷം നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വോട്ട് തട്ടിപ്പ് നടന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഹരിയാനയിലെ റായ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ബ്രസീല്‍ മോഡലിന്‍രെ ഫോട്ടോ ഉപയോഗിച്ച് 22 തവണ വോട്ട് ചെയ്തിട്ടുണ്ടെന്ന് തെളിവുകള്‍ സഹിതം രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയതോടെയാണ് ലാരിസ രാജ്യത്ത് വലിയ ചര്‍ച്ചാവിഷയമായത്.