22/10/2026
[fontresizer_tawhidurrahmandear_widget]

‘എസ്ഐആർ പരിശോധന പൂർത്തിയായി, വോട്ടും ചെയ്തു’: ഭർത്താവിനെ ബംഗ്ലാദേശിയെന്ന് ആരോപിച്ച് തടവിലാക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹരജി നൽകി യുവതി

 ‘എസ്ഐആർ പരിശോധന പൂർത്തിയായി, വോട്ടും ചെയ്തു’: ഭർത്താവിനെ ബംഗ്ലാദേശിയെന്ന് ആരോപിച്ച് തടവിലാക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹരജി നൽകി യുവതി

കൊൽക്കത്ത: ബംഗ്ലാദേശി കുടിയേറ്റക്കാരനാണെന്നാരോപിച്ച് പൊലീസ് അനധികൃതമായി തടങ്കലിൽ വെച്ച ഭർത്താവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവതി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. മുർഷിദാബാദിലെ ദുബാപാര ഗ്രാമത്തിൽ കർഷകനായ സാഹിദുൽ എസ്.കെ(34)യെയാണ് കഴിഞ്ഞ മാസം എട്ടിന് അർദ്ധരാത്രിയോടെ റാണിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വോട്ടർ ഐഡി, പാൻ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, ഭൂമിയുടെ ആധാരം എന്നിവയുൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക രേഖകളും തങ്ങളുടെ കൈവശമുണ്ടെന്ന് ഭാര്യ ദെജിന ബീബി വ്യക്തമാക്കി. എസ്ഐആർ പ്രക്രിയയുടെ ഭാഗമായി ആവശ്യപ്പെട്ട എല്ലാ രേഖകളും പരിശോധിച്ചു തീർപ്പാക്കിയതാണെന്നും ഈ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പൊലീസ് അർദ്ധരാത്രിയിൽ വീട് വളഞ്ഞ് അദ്ദേഹത്തെ കൊണ്ടുപോയത്. അറസ്റ്റ് മെമ്മോയോ പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടികയോ പൊലീസ് നൽകിയിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

സാഹിദുൽ വർഷങ്ങൾക്ക് മുമ്പ് ബംഗ്ലാദേശിൽ നിന്ന് അതിർത്തി കടന്നെത്തിയതാണെന്നും ആൾമാറാട്ടം നടത്തി വ്യാജ തിരിച്ചറിയൽ രേഖകൾ ചമച്ചുവെന്നുമാണ് സർക്കാരിന്റെ വാദം. അതേസമയം, സാഹിദുൽ തടവിലായതോടെ കുടുംബത്തിന്റെ വരുമാനം നിലയ്ക്കുകയും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മൂത്ത മകളടക്കം കടുത്ത മാനസിക ബുദ്ധിമുട്ടിലാവുകയും ചെയ്തുവെന്ന് കുടുംബം പറഞ്ഞു.

ഹരജി പരിഗണിച്ച ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ സിംഗിൾ ബെഞ്ച്, സാഹിദുലിന്റെ തടങ്കൽ സംബന്ധിച്ച വിവരങ്ങളും അറസ്റ്റ് മെമ്മോയും കൈമാറാൻ സർക്കാരിന് നിർദ്ദേശം നൽകി. രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ റാണിനഗർ പൊലീസിനോട് കോടതി ഉത്തരവിട്ടു. മുർഷിദാബാദ് ജില്ലാ പോലീസ് സൂപ്രണ്ട് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഒക്ടോബർ എട്ടിന് വീണ്ടും പരിഗണിക്കും.

Also read: