20/10/2026
[fontresizer_tawhidurrahmandear_widget]

ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടാൻ ശ്രമം: നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി രാധ

 ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടാൻ ശ്രമം: നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ തട്ടിയെടുത്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചെന്ന ആരോപണവുമായി നടി അംബികയ്ക്കും സഹോദരൻ മല്ലികാർജുനനുമെതിരെ സഹോദരിയും നടിയുമായ രാധ പോലീസിനെ സമീപിച്ചു. ഗ്രേറ്റർ ചെന്നൈ പോലീസ് കമ്മീഷണർ ഓഫീസിലാണ് രാധ പരാതി നൽകിയത്. അഞ്ച് ചെക്കുകൾ ഉപയോഗിച്ച് ഏകദേശം 46 കോടി മുതൽ 50 കോടി രൂപ വരെ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

തന്റെ ബിസിനസ് ആവശ്യങ്ങൾക്കായി ബാങ്ക് മുറിയിൽ സൂക്ഷിച്ചിരുന്ന ബ്ലാങ്ക് ചെക്കുകൾ താൻ ചെന്നൈയിൽ ഇല്ലാതിരുന്ന സമയത്ത് ഇരുവരും ചേർന്ന് മോഷ്‌ടിക്കുകയായിരുന്നുവെന്ന് രാധ ആരോപിക്കുന്നു. സ്ഥാപനത്തിന്റെ പേര് മാറ്റിയതിനെ തുടർന്ന് പഴയ ചെക്ക് ബുക്കിന്റെ ഉപയോഗം നിർത്തിയിരുന്നെങ്കിലും, ഇവ അംബികയുടെ പേരിൽ മാറാനായി സമർപ്പിച്ചതായി ബാങ്കിൽ നിന്ന് സന്ദേശം ലഭിച്ചപ്പോഴാണ് വിവരമറിയുന്നത്. ഉടൻ തന്നെ ബാങ്കിന് ഇടപാട് തടയാൻ നിർദ്ദേശം നൽകിയതായും രാധ പറഞ്ഞു.

സഹോദരൻ മല്ലികാർജുനാണ് ചെക്കുകൾ പൂരിപ്പിച്ചതെന്നും ഇരുവരും ചേർന്ന് സാമ്പത്തിക ലാഭത്തിനായി ഇത് ദുരുപയോഗം ചെയ്തെന്നുമാണ് പരാതി. കൂടാതെ, തന്റെ ആഭരണങ്ങൾ തിരികെ നൽകാനും ഇവർ തയ്യാറാകുന്നില്ലെന്നും പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ അന്വേഷണം നടത്തി കർശന ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് രാധ ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തിൽ അംബിക ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also read: