26/09/2026
[fontresizer_tawhidurrahmandear_widget]

അമിത് ഷായുടെ സന്ദർശനത്തിൽ മുസ്‌ലിം ഉദ്യോഗസ്ഥരെ ഒഴിവാക്കി; മഹുവ മൊയ്ത്രയുടെ ആരോപണം റിപ്പോർട്ട് ചെയ്ത മക്തൂബ് മീഡിയക്കെതിരെ കേസ്

 അമിത് ഷായുടെ സന്ദർശനത്തിൽ മുസ്‌ലിം ഉദ്യോഗസ്ഥരെ ഒഴിവാക്കി; മഹുവ മൊയ്ത്രയുടെ ആരോപണം റിപ്പോർട്ട് ചെയ്ത മക്തൂബ് മീഡിയക്കെതിരെ കേസ്

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാൾ സന്ദർശന വേളകളിലെ ഔദ്യോഗിക യോഗങ്ങളിൽ നിന്നും പ്രോട്ടോക്കോൾ ചുമതലകളിൽ നിന്നും മുതിർന്ന മുസ്‌ലിം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയെന്ന തൃണമൂൽ എം.പി മഹുവ മൊയ്ത്രയുടെ ആരോപണം റിപ്പോർട്ട് ചെയ്തതിന് മക്തൂബ് മീഡിയക്കെതിരെ കേസെടുത്ത് ബംഗാൾ പൊലീസ്. ആരോപണമുന്നയിച്ച മഹുവ മൊയ്ത്രക്കെതിരെയും കേസെടുത്തിട്ടുണ്ട്. മക്തൂബ് മീഡിയയുടെ ലോഗിൻ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് എക്സിന് ബംഗാൾ പൊലീസ് കത്ത് നൽകിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്ത വിവരം മക്തൂബ് അധികൃതർ അറിയുന്നത്.

പോസ്റ്റിലെ വിവരങ്ങൾ തെറ്റാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും, മൊയ്ത്രയുടെ ആരോപണങ്ങൾ പുറത്തുവന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും, ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മക്തൂബിന്റെ പോസ്റ്റ് പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നാണ് എക്സിന് അയച്ച കത്തിൽ പൊലീസ് പറയുന്നത്. ഒരു പൊതു വ്യക്തിയുടെ വീക്ഷണങ്ങളെ തെറ്റായി അവതരിപ്പിക്കുന്നതാണെന്നും പൊലീസ് അവകാശപ്പെടുന്നു.

സൗരഭ് ബാനർജി എന്നയാളുടെ പരാതിയിൽ ബിദാൻനഗർ പൊലീസ് സെപ്റ്റംബർ 19നാണ് മക്തൂബ് മീഡിയക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, പൊതുസമാധാനം തകർക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്. 2026 ഫെബ്രുവരി ഒന്ന് മുതൽ അഞ്ച് വരെയുള്ള ലോഗിൻ വിവരങ്ങൾ, ആൻഡ്രോയിഡ് ഉപകരണങ്ങൾ എന്നിവയുടെ വിവരം നൽകാനാണ് പൊലീസ് എക്സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തനിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് മഹുവ മൊയ്ത്ര എം.പി വ്യക്തമാക്കി. “എല്ലാ മാധ്യമ സ്ഥാപനങ്ങളും എന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അവർ കേസെടുത്തത് മക്തൂബിനെതിരെയാണ്. കാരണം നിങ്ങൾ ‘മനോജ്’ അല്ല ‘മക്തൂബ്’ ആണ്. ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ അനുവദിക്കരുത്. ഇവരിൽ ഓരോരുത്തരെയും നിയമപരമായി നേരിടും” -മഹുവ മൊയ്ത്ര പറഞ്ഞു.

മുസ്‌ലിം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയെന്ന മഹുവ മൊയ്ത്രയുടെ പരാതിയിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുകയാണ്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ അമിത് ഷാ നടത്തിയ ബംഗാൾ സന്ദർശനങ്ങളിൽ മുതിർന്ന മുസ്‌ലിം ഉദ്യോഗസ്ഥർക്കെതിരെ മതപരമായ വിവേചനം കാട്ടിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

Also read: