‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകൻ മോഷണക്കേസിൽ പിടിയിൽ
പാലക്കാട്: സിനിമ സംവിധായകൻ ട്രെയിനിൽനിന്ന് മൊബൈൽ ഫോണും ലാപ്ടോപ്പുകളും മോഷ്ടിച്ച കേസിൽ അറസ്റ്റിലായി. ‘കള്ളന്മാരുടെ വീട്’ എന്ന ചിത്രത്തിന്റെ സംവിധായകനും പാലക്കാട് കരിമ്പ സ്വദേശിയുമായ കാജാ ഹുസൈനാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്.
ട്രെയിൻ യാത്രക്കാരിയായ മണ്ണാർക്കാട് പൊറ്റശ്ശേരി സ്വദേശിനിയുടെ 80,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. കോഴിക്കോട് ഭാഗത്തുവെച്ച് ട്രെയിനിൽനിന്ന് നാല് ലാപ്ടോപ്പുകൾ കവർന്നതും ഇയാൾ തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത് 2024-ൽ തിയേറ്ററുകളിലെത്തിയ ‘കള്ളന്മാരുടെ വീട്’ എന്ന ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു. ഇതിലൂടെയുണ്ടായ കടബാധ്യതകൾ തീർക്കാനാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. സെക്കൻഡ് ഹാൻഡ് സാധനങ്ങളുടെ ഇടനിലക്കാരനാണെന്ന് വിശ്വസിപ്പിച്ചാണ് മോഷ്ടിച്ച വസ്തുക്കൾ വിറ്റഴിച്ചിരുന്നത്. തിരിച്ചറിയാതിരിക്കാൻ താടി വടിച്ച് രൂപമാറ്റം വരുത്തിയ ഇയാൾ, മോഷണപ്പണം ഉപയോഗിച്ച് സ്വന്തമായി കഫേട്ടീരിയ തുടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു.
ഷൊർണൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെയും കോഴിക്കോട് ഭാഗത്ത് നടന്ന കവർച്ചകളിലെയും തൊണ്ടിമുതലുകളായ അഞ്ച് ലാപ്ടോപ്പുകളും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.