‘ബിരിയാണി കഴിച്ചോളൂ, ആരും തടയില്ല; പക്ഷേ ഹിന്ദുവിന്റെ കടയില്‍ നിന്ന് കഴിക്കൂ, പണം നല്‍കുന്നതിന് മുമ്പ് പേര് ചോദിക്കൂ’: ദുര്‍ഗാ പൂജയ്ക്ക് മുന്നോടിയായി ബംഗാളില്‍ വിവാദ പോസ്റ്ററുകള്‍
കൊൽക്കത്ത: ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പശ്ചിമ ബംഗാളില്‍ പ്രത്യക്ഷപ്പെട്ട നൂറുകണക്കിന് പോസ്റ്ററുകൾ വലിയ വിവാദത്തില്‍. പൂജാ സാധനങ്ങളും ബിരിയാണിയടക്കമുള്ള ഭക്ഷ്യവസ്തുക്കളും ഹിന്ദു വ്യാപാരികളിൽ നിന്ന് മാത്രം വാങ്ങണമെന്നാണ് പോസ്റ്ററുകളിലെ ആഹ്വാനം. പ്രദേശത്തെ കടകള്‍ക്ക് മുന്നിലും പ്രധാന തെരുവുകളിലുമാണ് ഇവ പതിച്ചിരിക്കുന്നത്.
‘ബിരിയാണി കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നില്ല. പക്ഷേ ഹിന്ദുവിന്റെ കടയില്‍ നിന്നത് കഴിക്കൂ, ക്യൂ ആര് കോഡ് വഴി പണം നല്‍കുന്നതിന് മുമ്പ് വില്‍പ്പനക്കാരന്റെ പേര് ചോദിക്കൂ’ എന്നാണ് പോസ്റ്ററിലുള്ളത്. ‘ഹിന്ദു ജാഗരണ്‍ മഞ്ച്’ എന്ന സംഘടനയാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. എന്നാല്‍ തങ്ങള്‍ ഒരു സമുദായത്തിനും എതിരല്ലെന്നും ഉത്സവ സീസണില്‍ ഹിന്ദു വ്യാപാരികള്‍ക്ക് നേട്ടമുണ്ടാകണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണിതെന്നുമാണ് സംഘടനാ നേതാക്കളുടെ വാദം.
ഇന്ത്യ പോലൊരു മതേതര രാജ്യത്ത് ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത് ഭിന്നിപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോസ്റ്ററുകള്‍ക്കെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. എങ്കിലും പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.