19/10/2026
[fontresizer_tawhidurrahmandear_widget]

വിമാനത്തിൽ ഫ്ലൈറ്റ് അറ്റൻഡന്റുമാരെ ആക്രമിച്ച കേസിൽ നടി സെൽമ ബ്ലെയർ അറസ്റ്റിൽ

 വിമാനത്തിൽ ഫ്ലൈറ്റ് അറ്റൻഡന്റുമാരെ ആക്രമിച്ച കേസിൽ നടി സെൽമ ബ്ലെയർ അറസ്റ്റിൽ

ന്യൂയോർക്ക്: ഡെൽറ്റ വിമാനത്തിലെ ഫ്ലൈറ്റ് അറ്റൻഡന്റുമാരെ ആക്രമിച്ച കേസിൽ പ്രശസ്ത ഹോളിവുഡ് നടി സെൽമ ബ്ലെയറിനെ (54) പോലീസ് അറസ്റ്റ് ചെയ്തു. ലോസ് ഏഞ്ചൽസിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ രണ്ട് ഫ്ലൈറ്റ് അറ്റൻഡന്റുമാർക്ക് പരിക്കേറ്റിട്ടുണ്ട്.

ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഗേറ്റിൽ ഡെൽറ്റ എയർ ലൈൻസ് ജെറ്റ് ലാൻഡ് ചെയ്തതിന് പിന്നാലെ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് പോർട്ട് അതോറിറ്റി പോലീസ് നടിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബ്ലെയറിനെയും പരിക്കേറ്റ ഫ്ലൈറ്റ് അറ്റൻഡന്റിനെയും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ എഫ്ബിഐ നടിക്കെതിരെ ആക്രമണക്കുറ്റം ചുമത്തി നോട്ടീസ് നൽകിയിട്ടുണ്ട്. ബ്രൂക്ലിനിലെ ഫെഡറൽ കോടതിയായിരിക്കും കേസ് പരിഗണിക്കുക.

അതേസമയം, നടിക്ക് വിമാനത്തിൽ വെച്ചുണ്ടായ മെഡിക്കൽ എമർജൻസിയാണ് ആരോപണവിധേയമായ പെരുമാറ്റത്തിലേക്ക് നയിച്ചതെന്ന് ബ്ലെയറിന്റെ പ്രതിനിധി അറിയിച്ചു. എന്നാൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അനിയന്ത്രിതമായ പെരുമാറ്റങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഡെൽറ്റ അധികൃതർ വ്യക്തമാക്കി. 2016-ൽ കാൻകൂണിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെ മരുന്നിനൊപ്പം മദ്യം കഴിച്ചതിനെ തുടർന്ന് അസഭ്യം പറഞ്ഞ സംഭവത്തിൽ ബ്ലെയർ മുൻപും ക്ഷമാപണം നടത്തിയിട്ടുണ്ട്.

‘ക്രൂവൽ ഇന്റൻഷൻസ്’, ‘ലീഗലി ബ്ലോണ്ട്’, ‘ഹെൽബോയ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ സെൽമ ബ്ലെയർ, 2018-ൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് രോഗനിർണയത്തിന് ശേഷം വൈകല്യ അവകാശങ്ങൾക്കായും സജീവമായി രംഗത്തുണ്ട്. അടുത്തകാലത്തായി ജൂതവിരുദ്ധതയ്‌ക്കെതിരെയുള്ള പ്രചാരണങ്ങളിലും ഇസ്രയേൽ അനുകൂല നിലപാടുകളിലും പങ്കെടുത്തുവന്ന ഇവർ ‘ഹിനെനി’ എന്ന പേരിൽ ജൂതവിരുദ്ധതയെക്കുറിച്ചുള്ള ഡോക്യുമെന്ററി സിനിമയുടെ നിർമ്മാണത്തിലുമായിരുന്നു.

Also read: