മലപ്പുറത്ത് മന്ത്രവാദ ചികിത്സയുടെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പെൺകുട്ടിയുടെ അമ്മയുമായി ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ
എടവണ്ണ: മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ. കുണ്ടുതോട് സ്വദേശി ജസൽ ജിലാനി തങ്ങളെയാണ് (35) എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയറുവേദന മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് പ്രതി പെൺകുട്ടിയെയും മാതാവിനെയും കുണ്ടുതോടുള്ള സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് വ്യാജ ചികിത്സയുടെ മറവിൽ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായ പ്രതി ഓഗസ്റ്റിൽ ഇവരുമായി നാടുവിട്ടു. പ്രതിയെക്കുറിച്ചും സ്ത്രീയെക്കുറിച്ചും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം ഊർജിതമാക്കി. നിലമ്പൂർ ഡിവൈ.എസ്.പി കെ. റഫീഖ്, വണ്ടൂർ സി.ഐ ഗോപകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ നിലമ്പൂർ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു.
പ്രതിയും സ്ത്രീയും കാസർകോട്-കർണാടക അതിർത്തിയായ ആനക്കല്ല് എന്ന സ്ഥലത്തെ ഉൾപ്രദേശത്ത് ഒളിവിൽ താമസിച്ചുവരികയാണെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എടവണ്ണ എസ്.ഐ വാസുദേവൻ ഓട്ടുപാറ, എ.എസ്.ഐ ജാൻസി, സിവിൽ പൊലീസ് ഓഫീസറായ സുബിൻ, സ്ക്വാഡ് അംഗങ്ങളായ പി. സാബിറലി, സി.കെ. സജേഷ്, സജീഷ് നിലമ്പൂർ, എം. കൃഷ്ണദാസ് എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ സ്വന്തം ഭാര്യയെ ഉപദ്രവിച്ചത് ഉൾപ്പെടെയുള്ള കേസുകൾ എടവണ്ണ പൊലീസ് സ്റ്റേഷനിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.