20/10/2026
[fontresizer_tawhidurrahmandear_widget]

കാഫിർ സ്ക്രീൻഷോട്ട് കേസ്: പോരാളി ഷാജി അഡ്മിൻ ഉൾപ്പെടെ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി പ്രതിപ്പട്ടികയിൽ

 കാഫിർ സ്ക്രീൻഷോട്ട് കേസ്: പോരാളി ഷാജി അഡ്മിൻ ഉൾപ്പെടെ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി പ്രതിപ്പട്ടികയിൽ

വടകര: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കാഫിർ സ്ക്രീൻഷോട്ട് കേസിൽ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ കൂടി പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തു. ഫേസ്ബുക്കിലൂടെ ഈ വ്യാജ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിപ്പിച്ചതിനാണ് പുതിയ പ്രതികളെ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ സിപിഎം അനുകൂല ഫേസ്ബുക്ക് പേജായ ‘പോരാളി ഷാജി’യുടെ അഡ്‌മിനും തൃശൂർ സ്വദേശിയുമായ വഹാബ്, നാദാപുരം സ്വദേശി അതുൽ, തിരുവള്ളൂർ സ്വദേശി അതുൽ പ്രസാദ് എന്നിവരാണ് പ്രതിപ്പട്ടികയിൽ പുതുതായി ഇടംപിടിച്ചത്.

കേസുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയ പ്രത്യേക അന്വേഷണ സംഘം ഇവരെ മൂന്നുപേരെയും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. പുതിയ പ്രതികളെ ചേർത്തതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ കേസിൽ നേരത്തെ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകരായ ജിതിൻ ഭാസ്കരൻ, റിബേഷ് രാമകൃഷ്ൻ എന്നിവരെ ഒന്നും രണ്ടും പ്രതികളായി ചേർത്തിരുന്നു. ഒന്നാം പ്രതിയായ ജിതിൻ നിർമ്മിച്ച വ്യാജ സ്ക്രീൻഷോട്ട് ‘റെഡ് എൻകൗണ്ടർ’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആദ്യം പോസ്റ്റ് ചെയ്തത് റിബേഷാണെന്ന് എസ്.ഐ.ടി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്പാടിമുക്ക് സഖാക്കൾ ഉൾപ്പെടെയുള്ള മറ്റ് സി.പി.എം അനുകൂല സൈബർ ഇടങ്ങളിലേക്ക് ഈ സ്ക്രീൻഷോട്ട് അതിവേഗം പ്രചരിച്ചത്.

അതേസമയം, പ്രതികളിൽനിന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഫോണുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കൂടാതെ, സ്ക്രീൻഷോട്ട് പ്രചരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫേസ്ബുക്കിന്റെയും വാട്സാപ്പിന്റെയും മാതൃകമ്പനിയായ മെറ്റയിൽ നിന്ന് ലഭ്യമാകാത്തത് കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന് തടസ്സമായി നിൽക്കുന്നുണ്ട്. മെറ്റയിൽ നിന്ന് ഈ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

Also read: