തൃണമൂൽ വിട്ട് എന്‍ഡിഎയില്‍ ചേര്‍ന്നു; മാസങ്ങള്‍ക്ക് ശേഷം തര്‍ക്കഭൂമി യൂസഫ് പഠാന് വിട്ടുനല്‍കാന്‍ ബിജെപി സര്‍ക്കാര്‍
അഹമ്മദാബാദ്: തൃണമൂൽ കോൺഗ്രസ് വിട്ട് പുതിയ രാഷ്ട്രീയ പാർട്ടിയിൽ ചേർന്നതിന് പിന്നാലെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എം.പിയുമായ യൂസുഫ് പഠാന് ഗുജറാത്ത് സർക്കാരിന്റെ വക ഭൂമി. ഗുജറാത്തിലെ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള 978 ചതുരശ്ര മീറ്റർ പ്ലോട്ട് പഠാന് അനുവദിക്കാനാണ് സംസ്ഥാന സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. വഡോദരയിലെ തണ്ടൽജ പ്രദേശത്ത് അദ്ദേഹത്തിന്റെ കുടുംബവീടിനോട് ചേർന്ന് കിടക്കുന്ന ഈ ഭൂമിയെച്ചൊല്ലി സർക്കാരുമായി ദീർഘകാലമായി നിയമപോരാട്ടം നിലനിന്നിരുന്നു.
ഏകദേശം 20.5 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക നയത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമി അനുവദിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ സർക്കാർ തീരുമാനപ്രകാരം, 978 ചതുരശ്ര മീറ്ററിൽ 500 ചതുരശ്ര മീറ്റർ വാസ ആവശ്യത്തിനായി പൂർണ്ണമായും സൗജന്യമായി അനുവദിക്കും. ബാക്കിയുള്ള 478 ചതുരശ്ര മീറ്റർ ഭൂമി നിശ്ചിത മൂല്യനിർണയത്തിൻ്റെ 55 ശതമാനം ഇളവുനിരക്കിൽ കൈമാറാനുമാണ് നിർദേശം. ഭൂമി കൈമാറ്റത്തിനുള്ള തുടർനടപടികൾ വഡോദര മുനിസിപ്പൽ കോർപ്പറേഷനാണ് ഇനി പൂർത്തിയാക്കേണ്ടത്.
2012-ൽ ഈ ഭൂമി 99 വർഷത്തെ പാട്ടത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് യൂസുഫ് പഠാൻ കോർപ്പറേഷനെ സമീപിച്ചിരുന്നെങ്കിലും, പൊതുലേലമില്ലാതെ ഭൂമി കൈമാറാനാകില്ലെന്ന് വ്യക്തമാക്കി സർക്കാർ ഈ ആവശ്യം തള്ളിയിരുന്നു. പിന്നീട് 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ബഹറാംപുർ മണ്ഡലത്തിൽനിന്ന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി അദ്ദേഹം വിജയിച്ചതിന് പിന്നാലെ, ഭൂമിയിലെ കൈയേറ്റം നീക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ പഠാന് നോട്ടീസ് നൽകി. ഇതിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചെങ്കിലും, 2025-ൽ കോടതിയുടെ സിംഗിൾ ബെഞ്ച് പഠാന്റെ ആവശ്യം തള്ളുകയും ഭൂമി കൈവശം വെച്ചത് കൈയേറ്റമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ 2026 ജൂണിൽ അദ്ദേഹം തൃണമൂൽ കോൺഗ്രസ് വിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. അന്താരാഷ്ട്ര താരങ്ങൾക്കുള്ള നയപ്രകാരം ഭൂമി അനുവദിക്കുന്ന വിഷയം ഭരണതലത്തിൽ പരിഗണനയിലാണെന്ന് വ്യക്തമാക്കി 2026 ആഗസ്റ്റ് 31-ന് ഗുജറാത്ത് ഹൈക്കോടതിയിൽനിന്ന് പഠാൻ തൻ്റെ അപ്പീൽ പിൻവലിച്ചു. പാർട്ടി മാറ്റത്തിന് തൊട്ടുപിന്നാലെ വർഷങ്ങളായുള്ള ഭൂമിത്തർക്കം അനുകൂലമായി മാറുന്നതും ഭൂമി അനുവദിക്കാനുള്ള സർക്കാർ തീരുമാനവും നിലവിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.