28/10/2026
[fontresizer_tawhidurrahmandear_widget]

‘മൂന്നു കുഞ്ഞുങ്ങളെയും കേരളം ഏറ്റെടുക്കും, കൈവിടില്ല’; എസ്എംഎ ബാധിച്ച കുരുന്നുകളെ സന്ദർശിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ

 ‘മൂന്നു കുഞ്ഞുങ്ങളെയും കേരളം ഏറ്റെടുക്കും, കൈവിടില്ല’; എസ്എംഎ ബാധിച്ച കുരുന്നുകളെ സന്ദർശിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ

കോഴിക്കോട്: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച ഓമശ്ശേരി കല്ലുരുട്ടിയിലെ മൂന്ന് കുഞ്ഞുങ്ങളുടെയും കുടുംബത്തെ സന്ദർശിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് മുനവ്വറലി ശിഹാബ് തങ്ങൾ. കല്ലുരുട്ടി സ്വദേശികളായ അരുൺ – ഷാൽമി ദമ്പതികളുടെ മക്കളുടെ ആരോഗ്യ വിവരങ്ങൾ നേരിട്ടന്വേഷിച്ച അദ്ദേഹം, കുട്ടികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ചികിത്സാ സഹായങ്ങളും ഉറപ്പാക്കുമെന്ന് വ്യക്തമാക്കി.

ഒറ്റപ്രസവത്തിൽ ജനിച്ച ഒന്നര വയസ്സുകാരായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനാ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു പ്രസവത്തിൽ ജനിച്ച മൂന്ന് കുട്ടികൾക്ക് ഒരുമിച്ച് എസ്‌എംഎ ടൈപ്പ് 2 ബാധിക്കുന്നത്. നിലവിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞുങ്ങളുടെ ജീൻ തെറപ്പിയും തുടർപരിചരണവും അടക്കമുള്ള ചികിത്സയ്ക്കായി ഏകദേശം 50 കോടി രൂപയാണ് ആവശ്യമായി വരുന്നത്.

ഇത്രയും വലിയ തുക കണ്ടെത്തുന്നത് കുടുംബത്തിന് സാധ്യമല്ലെന്നും ജാതി-മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ച് നിന്ന് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവരണമെന്നും മുനവ്വറലി തങ്ങൾ അഭ്യർത്ഥിച്ചു. പ്രതിസന്ധികളിൽ ഒപ്പം നിൽക്കുന്ന മലയാളി സമൂഹം ഈ കുഞ്ഞുങ്ങളെയും കൈവിടില്ലെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചികിത്സാ ധനസമാഹരണത്തിനായി ഓമശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് സൂപ്പർ സൗദ ചെയർപേഴ്‌സനായി ജനകീയ കമ്മിറ്റി രൂപീകരിക്കുകയും ഫെഡറൽ ബാങ്ക് ഓമശ്ശേരി ശാഖയിൽ ക്രൗഡ് ഫണ്ടിങ് അക്കൗണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

  • അക്കൗണ്ട് പേര്: അരുൺ പി.ഡി
  • ബാങ്ക്: ഫെഡറൽ ബാങ്ക്, ഓമശ്ശേരി
  • അക്കൗണ്ട് നമ്പർ: 21360100162505
  • IFSC Code: FDRL0002136
  • UPI ID: arunpd2@fbl

Also read: