ഇറാന്‍ മിസൈല്‍ പദ്ധതിക്ക് സാങ്കേതികവിദ്യ സഹായം; ഇന്ത്യന്‍ കമ്പനിക്കെതിരെ ഉപരോധം ചുമത്തി അമേരിക്ക
വാഷിങ്ടണ്‍: ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ നിര്‍മാണ പരിപാടികള്‍ക്കായി സാധനസാമഗ്രികളും സാങ്കേതികവിദ്യയും വിതരണം ചെയ്തതിന് ഇന്ത്യന്‍ കമ്പനിക്ക് നടപടിയുമായി യുഎസ്. ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഫാംലെയ്ന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യന്‍ കമ്പനിക്കെതിരെയാണു കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയത്.
ഫാംലെയ്ന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ യു.എ.ഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡയറക്ടറായ മാര്‍ക്കോ ക്ലിങ്ങെയും ഉപരോധം നേരിടുന്ന വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ട്രംപ് ഭരണകൂടം നടപ്പാക്കുന്ന ‘പരമാവധി സമ്മര്‍ദ്ദം’ എന്ന നയത്തിന്റെ ഭാഗമായാണ് ഈ നടപടി.
ഉപരോധം കാരണം, കമ്പനിയുടെ അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കപ്പെടും. അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്കും പൗരന്മാര്‍ക്കും ഫാംലെയ്ന്‍ പ്രൈവറ്റ് ലിമിറ്റഡുമായി ബിസിനസ് ഇടപാടുകള്‍ നടത്തുന്നതിനു വിലക്കുമുണ്ടാകും.
ഇന്ത്യ ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങളുമായി ബന്ധപ്പെട്ട്, ഇറാന്റെ മിസൈല്‍, ഡ്രോണ്‍ നിര്‍മാണങ്ങള്‍ക്കായി വസ്തുക്കളും സാങ്കേതികവിദ്യയും നല്‍കിയ 32 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യു.എസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പട്ടികയിലാണ് ഫാംലെയ്ന്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിരോധന പട്ടികയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുള്ള പ്രധാന വ്യക്തികളില്‍ ഒരാളാണ് മാര്‍ക്കോ ക്ലിങ്ങെ. ഇറാന്റെ മിസൈല്‍ നിര്‍മാണത്തിന് ഉപയോഗിക്കാവുന്ന രാസവസ്തുക്കളുടെയും മറ്റ് നിര്‍ണായക ഘടകങ്ങളുടെയും ഇടപാടില്‍ ക്ലിങ്ങെയ്ക്ക് പ്രധാന പങ്കുണ്ടെന്നാണ് യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.
ചൈന ക്ലോറേറ്റ് ടെക്ക് കോ ലിമിറ്റഡ് ഉള്‍പ്പെടെയുള്ള വിതരണക്കാരുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നയാളാണ് ക്ലിങ്ങെ. കൂടാതെ, ഇദ്ദേഹവും ഇറാന്‍-തുര്‍ക്കി ആസ്ഥാനമായുള്ള മാജിദ് ദോലത്ത്ഖായും ചേര്‍ന്ന്, ഇറാനിലെ പ്രതിരോധ വ്യവസായ സംഘടനയുടെ (ഡിഫന്‍സ് ഇന്‍ഡസ്ട്രീസ് ഓര്‍ഗനൈസേഷന്‍) ഭാഗമായ പാര്‍ച്ചിന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസിന് വേണ്ടി മിസൈല്‍ പ്രൊപ്പലന്റ് വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍, ഇറാന്റെ എണ്ണ, പെട്രോളിയം ഉത്പന്നങ്ങള്‍, പെട്രോകെമിക്കലുകള്‍ എന്നിവയുടെ വ്യാപാരവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഒന്‍പത് കമ്പനികളെയും എട്ട് ഇന്ത്യന്‍ വ്യക്തികളെയും യു.എസ് ഉപരോധിച്ചിരുന്നു.