24/11/2026
[fontresizer_tawhidurrahmandear_widget]

‘കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തത് നായരായതുകൊണ്ട്, പറഞ്ഞത് സത്യം,വിവാദമാക്കേണ്ടതില്ല’; നിലപാടിൽ ഉറച്ച് രാജ്മോഹൻ ഉണ്ണിത്താൻ

 ‘കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തത് നായരായതുകൊണ്ട്, പറഞ്ഞത് സത്യം,വിവാദമാക്കേണ്ടതില്ല’; നിലപാടിൽ ഉറച്ച് രാജ്മോഹൻ ഉണ്ണിത്താൻ

ന്യൂഡൽഹി: നായർ സമുദായത്തിൽപ്പെട്ട ആളായതുകൊണ്ടാണ് തന്നെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തതെന്ന സ്വന്തം പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. താൻ പറഞ്ഞത് തികഞ്ഞ വസ്തുതയാണെന്നും അത് മാറ്റിപ്പറയേണ്ട യാതൊരു കാര്യവുമില്ലെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. സത്യം തുറന്നുപറയുന്നതിനെ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നായരായതുകൊണ്ടാണ് തനിക്ക് കെപിസിസി അധ്യക്ഷപദവി നൽകാത്തതെന്നും, നിലവിൽ പ്രധാന സ്ഥാനങ്ങളിലുള്ളവരെല്ലാം ഇതേ സമുദായത്തിൽ നിന്നുള്ളവരാണെന്ന കാരണമാണ് ഇതിനായി പറയുന്നതെന്നും കഴിഞ്ഞ ദിവസം അദ്ദേഹം തുറന്നടിച്ചിരുന്നു. സമുദായം നോക്കി സ്ഥാനങ്ങൾ നൽകിയിട്ട് കോൺഗ്രസ് പാർട്ടിക്ക് ഇതുവരെ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്ന് വിമർശിച്ച അദ്ദേഹം, കെപിസിസി അധ്യക്ഷനാവാൻ താൻ പൂർണ്ണ യോഗ്യനാണെന്നും അവകാശപ്പെട്ടിരുന്നു.

അതേസമയം, രാജ്മോഹൻ ഉണ്ണിത്താന്റെ പ്രസ്താവനയോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ രംഗത്തെത്തി. ഉണ്ണിത്താൻ പറഞ്ഞത് അദ്ദേഹത്തിന്റെ ഉള്ളിലെ വിഷമമാണെന്നും, അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരിക്കാൻ അതൊരു കാരണമായി അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാമെന്നും വാഴയ്ക്കൻ പറഞ്ഞു. തന്നെക്കാൾ വളരെ സീനിയറായ ഒരു വ്യക്തിയാണ് ഉണ്ണിത്താൻ. അതിനാൽ അദ്ദേഹം സ്വന്തം വികാരം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞതായി മാത്രം ഈ വിഷയത്തെ കണക്കാക്കിയാൽ മതിയെന്നും ജോസഫ് വാഴയ്ക്കൻ വ്യക്തമാക്കി.

Also read: