‘കെപിസിസി അധ്യക്ഷനാകാൻ ഏറ്റവും യോഗ്യൻ താൻ’; ജാതിസമവാക്യങ്ങളല്ല പാരമ്പര്യമാണ് പരിഗണിക്കേണ്ടതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ശക്തമായ ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. പാർട്ടിക്കകത്തെ ജാതിസമവാക്യങ്ങൾ മാത്രം നോക്കി അധ്യക്ഷനെ നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും രാഷ്ട്രീയ പൈതൃകവും പ്രവർത്തന പരിചയവുമാണ് പ്രധാന മാനദണ്ഡമാക്കേണ്ടതെന്നും വ്യക്തമാക്കി അദ്ദേഹം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ എന്നിവർക്ക് ഇ-മെയിൽ അയച്ചു.
1978 മുതൽ സജീവ രാഷ്ട്രീയത്തിലുള്ള തനിക്ക് കെഎസ്യു മുതൽ കെപിസിസി ജനറൽ സെക്രട്ടറി വരെയായി പ്രവർത്തിച്ച പാരമ്പര്യമുണ്ടെന്നും നിലവിൽ പരിഗണിക്കപ്പെടുന്നവരേക്കാൾ യോഗ്യത തനിക്കാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും അസംബ്ലി മണ്ഡലങ്ങളിലെയും പ്രവർത്തകരുമായി അടുത്ത ബന്ധമുള്ള തനിക്ക് പിആർ ഏജൻസികളുടെയോ വ്യാജ അക്കൗണ്ടുകളുടെയോ പിന്തുണ ആവശ്യമില്ല.
‘ഒരാൾക്ക് ഒരു പദവി’ എന്ന നയം അംഗീകരിക്കാൻ തയ്യാറാണെങ്കിലും, എംപിമാരെയും എംഎൽഎമാരെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിൽ ആ കൂട്ടത്തിൽ താനാണ് ഏറ്റവും യോഗ്യനെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി. എൽഡിഎഫിന്റെ ശക്തമായ സംഘടനാ സംവിധാനത്തെ നേരിടാൻ കെൽപ്പുള്ള നേതൃത്വമാണ് കോൺഗ്രസിന് ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കെപിസിസി പുനഃസംഘടന എത്രയും വേഗം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.