14/06/2026
[fontresizer_tawhidurrahmandear_widget]

‘വകുപ്പിൽ ചില തൊരപ്പൻമാരുണ്ട്, അവരെ പിടിക്കും, വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്’- ആരോ​ഗ്യമന്ത്രി കെ.മുരളീധരൻ

 ‘വകുപ്പിൽ ചില തൊരപ്പൻമാരുണ്ട്, അവരെ പിടിക്കും, വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്’- ആരോ​ഗ്യമന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിൽ വലിയ അഴിച്ചുപണികൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെ.മുരളീധരൻ. സർക്കാരുമായി സഹകരിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിനെ (ഡി.എച്ച്.എസ്) സ്ഥാനത്തുനിന്നും നീക്കിയത് ഈ കാരണത്താലാണെന്നും വ്യക്തമാക്കി. നിപ്പ പരിശോധനാ ഫലം പോസിറ്റീവാണെന്ന വിവരം ലഭിച്ചിട്ടും അത് മന്ത്രിയെ ഔദ്യോഗികമായി അറിയിക്കുന്നതിൽ ഡി.എച്ച്.എസ് ഗുരുതരമായ വീഴ്‌ച വരുത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ പരിശോധനാ ഫലം വന്നിട്ടും പത്രസമ്മേളനം നടത്തിയ വൈകുന്നേരം അഞ്ചര മണി വരെ ഔദ്യോഗികമായി ഈ വിവരം തന്നെ അറിയിച്ചില്ലെന്നും, ആശയവിനിമയത്തിൽ ബോധപൂർവ്വമായ തടസ്സങ്ങൾ സൃഷ്‌ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ‌‌

തനിക്ക് വിവരം ലഭിക്കുന്നതിന് മുൻപേ കോഴിക്കോട്ടെ മാധ്യമപ്രവർത്തകർ ഈ വിവരമറിഞ്ഞിരുന്നു. വകുപ്പിൽ ചിലർ തൊരപ്പൻ പണിയാണ് കാണിക്കുന്നതെന്നും അത്തരക്കാരെ കൃത്യമായി പിടികൂടുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സർക്കാരുമായി പൂർണ്ണമായി സഹകരിക്കാത്ത ഡി.എച്ച്.എസിനെ തങ്ങൾക്ക് ആവശ്യമില്ലെന്നും, സ്ഥാനത്തുനിന്നും മാറ്റിയത് തികഞ്ഞ അച്ചടക്ക നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ, നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്‌ടറുമായുള്ള ആശയവിനിമയത്തിലും കാര്യമായ വിടവ് ഉണ്ടായതായി മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്തിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നു എന്ന പ്രതിപക്ഷ നേതാവിൻ്റെ വിമർശനങ്ങളെയും അദ്ദേഹം രൂക്ഷമായി തള്ളി. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് എത്താൻ തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും, വന്ദേ ഭാരത് ഉൾപ്പെടെയുള്ള യാത്രാസൗകര്യങ്ങൾ ഉപയോഗിച്ച് വേഗത്തിൽ അവിടെയെത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ടേക്ക് അമേരിക്ക വരെ പോകുന്ന ദൂരമൊന്നും ഇല്ലല്ലോയെന്നും, അമേരിക്കയിലിരുന്ന് മന്ത്രിസഭാ യോഗം നടത്തിയ ആളാണ് ഇപ്പോൾ ഇത്തരമൊരു വിമർശനം ഉന്നയിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

തന്നെ രാഷ്ട്രീയമായി ആക്രമിക്കുന്നതിൽ കുഴപ്പമൊന്നുമില്ലെന്നും, ഇതൊക്കെ താൻ കുറെ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന് വിചാരിച്ചാൽ അതൊന്നും ഇവിടെ നടപ്പില്ലെന്നും മന്ത്രി തിരിച്ചടിച്ചു. നിപ്പ ബാധിതനായ രോഗിയുടെ ജീവൻ നിലനിർത്താൻ ആരോഗ്യവകുപ്പിലെ ഡോക്‌ടർമാർ വലിയ പോരാട്ടമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനാൽ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രം ഉയർത്തിക്കാട്ടി ഡിപ്പാർട്ട്മെന്റിനെ ഒന്നാകെ തകർക്കാൻ ശ്രമിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഡോക്‌ടർമാർ മുതൽ താഴെത്തട്ടിലുള്ള ക്ലീനിംഗ് സ്റ്റാഫ് വരെയുള്ള എല്ലാവരും സർക്കാരിനോട് ആത്മാർത്ഥമായാണ് സഹകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: