90 ലക്ഷം ഫോളോവര്‍മാരുള്ള യൂട്യൂബര്‍; അരലക്ഷം വോട്ടിന് തോറ്റു
പട്‌ന: യൂട്യൂബില്‍ ഒരു കോടിയോളം ഫോളോവര്‍മാരുള്ള പ്രശസ്ത യൂട്യൂബര്‍ക്കും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അടിതെറ്റി. പ്രശസ്ത വ്ളോഗറും ജന്‍ സുരാജ് പാര്‍ട്ടി (ജെഎസ്പി) സ്ഥാനാര്‍ത്ഥിയുമായ മനീഷ് കശ്യപ് ആണ് വന്‍ തോല്‍വി ഏറ്റുവാങ്ങിയത്. ചന്‍പതിയ നിയോജക മണ്ഡലത്തിൽ മത്സരിച്ച കശ്യപ് 50,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോൽവി നേരിട്ടത്.
യൂട്യൂബില്‍ 9.6 ദശലക്ഷം സബ്‌സ്‌ക്രൈബർമാരാണ് കശ്യപിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നവര്‍ വേരെയും വരും. ഡിജിറ്റല്‍ ലോകത്തെ ഈ വലിയ ആള്‍ബലം പക്ഷേ പെട്ടിയിലാക്കാന്‍ മാത്രം അദ്ദേഹത്തിന് സാധിച്ചില്ല.
ശക്തമായ പ്രചാരണം നടത്തിയിട്ടും പരിചയസമ്പന്നരായ രാഷ്ട്രീയ എതിരാളികളെ മറികടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 37,000 വോട്ടുകളാണ് കശ്യപിന് നേടാനായത്. കോൺഗ്രസിന്റെ അഭിഷേക് രഞ്ജനാണ് ഇവിടെ വെറും 602 വോട്ടിന് ബിജെപിയുടെ ഉമാകാന്ത് സിങ്ങിനെ പരാജയപ്പെടുത്തി വിജയം കുറിച്ചത്. ഇവര്‍ക്കു പിന്നിലായി പിന്നിലായി കശ്യപ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പ്രാദേശിക വിഷയങ്ങളിൽ വിമർശനങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനായ ഈ 34-കാരന്റെ പരാജയം, വെർച്വൽ ലോകത്തെ ജനപ്രീതി പരമ്പരാഗത രാഷ്ട്രീയത്തിലെ വിജയമായി മാറ്റിയെടുക്കുക എന്നത് എത്രമാത്രം വെല്ലുവിളിയാണെന്ന് അടിവരയിടുന്നു.
നേരത്തെ, 2023-ൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ കശ്യപ്, 2024-ൽ ബിജെപിയിൽ ചേർന്നെങ്കിലും പിന്നീട് ജെഎസ്പി ടിക്കറ്റിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. 88.4 ലക്ഷം രൂപയുടെ ആസ്തിയും രണ്ട് ക്രിമിനൽ കേസുകളും അദ്ദേഹം സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരുന്നു.