23/11/2026
[fontresizer_tawhidurrahmandear_widget]

ബാക്ക് ഓൺ ട്രാക്ക്!; സ്വർണവില കൂടി; തിരിച്ചുവരവ് രണ്ടാഴ്ച്ചക്ക് ശേഷം

 ബാക്ക് ഓൺ ട്രാക്ക്!; സ്വർണവില കൂടി; തിരിച്ചുവരവ് രണ്ടാഴ്ച്ചക്ക് ശേഷം

കൊച്ചി: ദിവസങ്ങളായി തുടർന്ന ഇടിവിന് വിരാമമിട്ട് സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് ഗ്രാമിന് 135 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 11,600 രൂപയായി ഉയർന്നു. പവന് 1,080 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,800 രൂപയിലെത്തി. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നിന്നിരുന്ന സ്വർണവിലയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.

രാജ്യാന്തര വിപണിയിൽ കഴിഞ്ഞയാഴ്ച ഒൻപത് ശതമാനത്തോളം ഇടിഞ്ഞ് 14 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയ സ്വർണവില തിങ്കളാഴ്ച ശക്തമായി തിരിച്ചുകയറി. ഔൺസിന് 3,630 ഡോളർ വരെ ഉയർന്ന് 2.6 ശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. പിന്നീട് സിംഗപ്പൂർ വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില 3,587.13 ഡോളറിലെത്തി. കഴിഞ്ഞ എട്ടുമാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര നഷ്ടത്തിന് ശേഷമാണ് സ്വർണം വിപണിയിൽ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

ആഗോള ഓഹരി വിപണികളിൽ ടെക് ഓഹരികൾക്ക് നേരിട്ട തിരിച്ചടിയാണ് സ്വർണത്തിന് കരുത്തായത്. ഓഹരി വിപണിയിൽ ഇടിവുണ്ടായതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് തിരിഞ്ഞു. വെള്ളിയാഴ്ച യുഎസ് ഓഹരി വിപണിയിലെ പ്രധാന സൂചികകളെല്ലാം കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് 5.28 ശതമാനവും എസ് ആൻഡ് പി 500 സൂചിക 3.70 ശതമാനവും ഇടിഞ്ഞു.

എഐ കമ്പനികളുടെ വൻതോതിലുള്ള നിക്ഷേപവും അതിനായി ഉയരുന്ന കടബാധ്യതകളും വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എഐ മേഖലയിലെ കമ്പനികളുടെ മൂല്യനിർണയവും ഭാവിയിലെ ലാഭസാധ്യതകളും സംബന്ധിച്ച സംശയങ്ങൾ ശക്തമായതോടെയാണ് ടെക് ഓഹരികളിൽ വിൽപനസമ്മർദം ഉടലെടുത്തത്. വരും ദിവസങ്ങളിലും ഈ ആശങ്കയിൽ ഓഹരി വിപണികൾ തകർന്നാൽ, സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് അത് കൂടുതൽ ഗുണകരമാകുമെന്നാണ് വിപണി വിലയിരുത്തുന്നത്.

Also read: