07/03/2026
[fontresizer_tawhidurrahmandear_widget]

‘ബിഹാറിലെ ദരിദ്രരെ സേവിക്കാനാണ് ഞാന്‍ ശ്രമിച്ചത് , തോല്‍വിയുടെ 100% ഉത്തരവാദിത്തം എനിക്ക്’ ;തെരഞ്ഞെടുപ്പ് ഫലത്തില്‍ ആദ്യമായി പ്രതികരിച്ച് പ്രശാന്ത് കിഷോര്‍

 ‘ബിഹാറിലെ ദരിദ്രരെ സേവിക്കാനാണ് ഞാന്‍ ശ്രമിച്ചത് , തോല്‍വിയുടെ 100% ഉത്തരവാദിത്തം എനിക്ക്’ ;തെരഞ്ഞെടുപ്പ് ഫലത്തില്‍ ആദ്യമായി പ്രതികരിച്ച് പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ ജന്‍ സുരാജിന്റെ മോശം പ്രകടനത്തിന്റെ നൂറു ശതമാനം ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് തലവന്‍ പ്രശാന്ത് കിഷോര്‍. ബിഹാറിലെ ജനങ്ങളെ സേവിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഞങ്ങള്‍ നടത്തിയ സത്യസന്ധമായ ശ്രമം പൂര്‍ണമായും പരാജയപ്പെട്ടു. ഇത് സമ്മതിക്കുന്നതില്‍ ഒരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ആദ്യ പ്രതികരണമാണിത്. പട്‌നയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ, ബിഹാറിലെ ജനങ്ങളുടെ വിശ്വാസം നേടുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്നും, അതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും കിഷോര്‍ വ്യക്തമാക്കി. ജനങ്ങളിലേക്ക് സന്ദേശം എത്തിക്കുന്നതില്‍ സംഭവിച്ച പിഴവിനുള്ള പ്രായശ്ചിത്തമായി വെള്ളിയാഴ്ച ഗാന്ധി ഭിതിഹര്‍വ ആശ്രമത്തില്‍ ഒരു ദിവസത്തെ മൗന പ്രതിജ്ഞ അനുഷ്ഠിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷം കണ്ടതിന്റെ ഇരട്ടി കഠിനാധ്വാനം ചെയ്ത് എന്റെ ദൃഢനിശ്ചയം പൂര്‍ത്തിയാക്കുന്നതുവരെ പിന്നോട്ടില്ലെന്നും പിന്മാറുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വലിയ പ്രചാരണത്തോടെ രംഗത്തിറങ്ങിയ ജന്‍ സുരാജ് പാര്‍ട്ടിക്ക് മത്സരരംഗത്തുണ്ടായിരുന്ന 236 സീറ്റുകളില്‍ ഒന്നുപോലും നേടാനായില്ല. ഭരണകക്ഷിയായ എന്‍ഡിഎ 202 സീറ്റുകള്‍ നേടിയപ്പോള്‍, മഹാസഖ്യം (എംജിബി) 35 സീറ്റുകള്‍ നേടി. സംസ്ഥാനത്തെ പരമ്പരാഗത ജാതി ബന്ധങ്ങളും പ്രാദേശിക നെറ്റ്‌വര്‍ക്കുകളും സോഷ്യല്‍ മീഡിയയിലെ സ്വാധീനത്തേക്കാള്‍ ശക്തമായി നിലനിന്നതാണ് തിരിച്ചടിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.

തോല്‍വിയെത്തുടര്‍ന്ന് രാജിവെക്കുമോ എന്ന ചോദ്യത്തിന്, രാജിവെക്കാന്‍ താന്‍ എന്ത് സ്ഥാനമാണ് വഹിക്കുന്നത് എന്നായിരുന്നു കിഷോറിന്റെ മറുപടി. താന്‍ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നും, ബിഹാറിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ള തന്റെ പ്രചാരണം കൂടുതല്‍ ദൃഢനിശ്ചയത്തോടെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാതിരാഷ്ട്രീയമോ ഹിന്ദുമുസ്ലിം രാഷ്ട്രീയമോ കളിച്ചിട്ടില്ലെന്നും, മറിച്ച് ബീഹാറിലെ ദരിദ്രരെ സേവിക്കാനാണ് താന്‍ ശ്രമിച്ചതെന്നും കിഷോര്‍ പറഞ്ഞു.

Also read: