‘എല്ലാ EVMലും 25,000 വോട്ട് വീതം മുൻകൂട്ടി രേഖപ്പെടുത്തിവച്ചിരുന്നു’; തെര. കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി ആർജെഡി
പട്ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി.) മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ജഗദാനന്ദ് സിങ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. സംസ്ഥാനത്തെ എല്ലാ ഇ.വി.എമ്മുകളിലും 25,000 വോട്ടുകള്‍ മുന്‍കൂട്ടി രേഖപ്പെടുത്തിയിരുന്നുവെന്നും, അതിനുശേഷവും തങ്ങളുടെ 25 എം.എല്‍.എമാര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം കൊണ്ടുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെക്കും വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നെന്നും ജഗദാനന്ദ് സിങ് ആരോപിച്ചു. അതേസമയം, ആര്‍ജെഡി നേതാവിന്‍രെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്.
ആര്‍ജെഡി തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജഗദാനന്ദ് സിങ്. ‘ഓരോ ഇ.വി.എമ്മിലും 25,000 വോട്ടുകള്‍ മുന്‍പേ തന്നെ ഉണ്ടായിരുന്നു. എന്നിട്ടും ഞങ്ങള്‍ക്ക് 25 സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചെങ്കില്‍ അത് ഞങ്ങളുടെ സൗഭാഗ്യമായി കണക്കാക്കുന്നു. ഇത് രാജ്യത്തിന്റെ ദൗര്‍ഭാഗ്യമാണ്. രാജ്യം എങ്ങോട്ടാണ് പോകുന്നത്?’-അദ്ദേഹം ചോദിച്ചു.
ജനാധിപത്യം എന്നത് ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള ഒരു സംവിധാനം മാത്രമാണ്. ഭരണഘടനയെ വരെ കബളിപ്പിക്കാന്‍ തുടങ്ങിയാല്‍ ഈ രാജ്യം എങ്ങനെ നിലനില്‍ക്കുമെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളെ, ‘വീട്ടില്‍ കവര്‍ച്ച നടക്കുന്നതുപോലെ’ ആണെന്നും, കവര്‍ച്ച നടക്കുമ്പോള്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് പറയാന്‍ കഴിയില്ലെന്നും പറഞ്ഞ് അദ്ദേഹം പ്രതിരോധിച്ചു.
ആര്‍.ജെ.ഡി നേതാവ് ഇ.വി.എമ്മുകള്‍ക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെ തള്ളിപ്പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ജഗദാനന്ദ് സിങ്ങിന്‍രെ പ്രസ്താവന സാങ്കേതികമായി അസാധ്യവും വസ്തുതാപരമായി തെറ്റുമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
സിങ്ങിന്റെ വാദം അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിക്കാരായ പോളിങ്് ഏജന്റുമാരെ വിശ്വാസത്തിലെടുക്കാത്തതാണെന്നും ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു. വോട്ടെടുപ്പിന്‍രെ തുടക്കത്തിലും ഒടുക്കത്തിലും ഏജന്റുമാര്‍ ഒപ്പിട്ടു നല്‍കിയ ഔദ്യോഗിക രേഖകള്‍ക്ക് വിരുദ്ധമാണ് ഈ ആരോപണങ്ങളെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.