‘ഉപദേശം നൽകാൻ പാകിസ്ഥാന് ധാർമിക അവകാശമില്ല’; രാമക്ഷേത്രത്തിലെ പതാക ഉയർത്തലിലെ വിമർശനം തള്ളി ഇന്ത്യ
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയർത്തിയതിനെതിരെ പാകിസ്ഥാൻ നടത്തിയ വിമർശനങ്ങൾ ഇന്ത്യ തള്ളി. വർഗീയതയുടെയും ന്യൂനപക്ഷ പീഡനങ്ങളുടെയും നീണ്ട ചരിത്രമുള്ള പാകിസ്ഥാന് മറ്റുള്ള രാജ്യങ്ങൾക്ക് ധാർമിക ഉപദേശം നൽകാൻ അവകാശമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു.
രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാവി പതാക ഉയർത്തിയതിനെതിരെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. സംഭവം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കുമേലുള്ള വർധിച്ചുവരുന്ന സമ്മർദ്ദത്തിന്റെ ഭാഗമാണെന്നും മുസ്‌ലിം പൈതൃകം ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും പാകിസ്ഥാൻ ആരോപിച്ചു. ഈ പരാമർശങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നു എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു.
“വർഗീയതയുടെയും അടിച്ചമർത്തലിന്റെയും ന്യൂനപക്ഷങ്ങളോടുള്ള വ്യവസ്ഥാപിതമായ ദുരുപയോഗത്തിന്റെയും കറപുരണ്ട ചരിത്രമുള്ള ഒരു രാജ്യത്തിന് മറ്റുള്ളവരെ ഉപദേശിക്കാൻ ധാർമ്മികമായ യാതൊരു നിലയുമില്ല. കപട പ്രഭാഷണങ്ങൾ നടത്തുന്നതിന് പകരം, പാകിസ്ഥാൻ സ്വന്തം രാജ്യത്തെ പരിതാപകരമായ മനുഷ്യാവകാശ രേഖകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഉചിതം. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയാൻ പാകിസ്ഥാന് അവകാശമില്ല”-ജയ്‌സ്വാൾ വ്യക്തമാക്കി.
രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി മോദി ചൊവ്വാഴ്ചയാണ് ക്ഷേത്ര ഗോപുരത്തിൽ ധ്വജാരോഹണം നടത്തിയത്. ഈ ചടങ്ങ് ചരിത്രപരമായ മുറിവുകൾ ഉണങ്ങുന്നതിൻ്റെ പ്രതീകമാണെന്ന് മോദി പറഞ്ഞിരുന്നു.