ശബരിമല സ്വർണക്കൊള്ള: കടകംപള്ളിക്കും കുരുക്ക് മുറുകുന്നു? മുൻ മന്ത്രിയെ വെട്ടിലാക്കി പത്മകുമാർ മൊഴി നൽകിയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപാളി വിവാദത്തില്‍ വഴിത്തിരിവ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) നല്‍കിയ മൊഴികളില്‍ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും തന്ത്രി കുടുംബത്തിലെ ഒരംഗവും സംശയനിഴലില്‍.
സ്വര്‍ണ ഉരുപ്പടികള്‍ കൊടുത്തുവിട്ട ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം മന്ത്രിയുമായി മുന്‍പ് തന്നെ പരിചയമുണ്ടായിരുന്നതായി പോറ്റി തന്നോട് വെളിപ്പെടുത്തിയിരുന്നെന്ന് പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കി. താന്‍ പരിചയപ്പെടുന്നതിന് മുന്‍പേ തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ തന്ത്രിയുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നെന്നും, അക്കാലത്തുതന്നെ അദ്ദേഹത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി അടുപ്പമുണ്ടായിരുന്നതായും മൊഴിയില്‍ പറയുന്നു.
എന്നാല്‍, ശബരിമലയില്‍ നടന്നത് സ്വര്‍ണ്ണക്കൊള്ളയാണെന്ന ആരോപണം പത്മകുമാര്‍ ഇപ്പോഴും തള്ളിക്കളയുകയാണ്. സ്വര്‍ണ്ണ ഉരുപ്പടികള്‍ക്ക് കാലപ്പഴക്കത്തെ തുടര്‍ന്ന് വന്ന കേടുപാടുകള്‍ പരിഹരിച്ച് മിനുക്കാനാണ് അവ കൊണ്ടുപോയതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ദ്വാരപാലക പാളികളും കട്ടിളപ്പാളിയും ഉള്‍പ്പെടെയുള്ളവയാണ് അറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയത്. ഈ തീരുമാനം എല്ലാവരുടെയും അറിവോടും സമ്മതത്തോടും കൂടിയായിരുന്നു എന്നും പത്മകുമാര്‍ മൊഴി നല്‍കി.
സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിയോ മന്ത്രിയോ പ്രത്യേക താല്‍പ്പര്യമെടുത്തതായി പത്മകുമാറിന്റെ മൊഴിയില്‍ നേരിട്ടുള്ള പരാമര്‍ശങ്ങള്‍ ഇല്ല. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.