04/03/2026
[fontresizer_tawhidurrahmandear_widget]

‘നിരപരാധികളുടെ വീടുകള്‍ തകര്‍ക്കുന്നതെന്തിന്? ഇരകള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മിച്ചുകൊടുക്കണം’-ബുള്‍ഡോസര്‍ രാജിനെതിരെ വീണ്ടും ജസ്റ്റിസ് ബി.ആര്‍ ഗവായ്

 ‘നിരപരാധികളുടെ വീടുകള്‍ തകര്‍ക്കുന്നതെന്തിന്? ഇരകള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മിച്ചുകൊടുക്കണം’-ബുള്‍ഡോസര്‍ രാജിനെതിരെ വീണ്ടും ജസ്റ്റിസ് ബി.ആര്‍ ഗവായ്

ന്യൂഡല്‍ഹി: ‘ബുള്‍ഡോസര്‍ രാജിനെ’തിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്. ഒരു കേസ് കോടതിയില്‍ തീര്‍പ്പാകുന്നതിനുമുമ്പ് ഭരണകൂടം തന്നെ വിധി നടപ്പാക്കുന്നത് ഭരണകൂടത്തിന്റെ അതിരുകടന്ന ഇടപെടലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബുള്‍ഡോസര്‍ നടപടികള്‍ ഭീകരമായ ഭരണകൂട അതിക്രമമാണെന്നും, നീതിന്യായ വ്യവസ്ഥയുടെ ഉത്തരവാദിത്തം ഭരണകൂടം ഏറ്റെടുക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ഗവായ് നിലപാട് വ്യക്തമാക്കിയത്. ”ഇത്തരം നിയമവിരുദ്ധമായ നടപടികള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന നീതിക്കും നിയമവാഴ്ചയ്ക്കും എതിരാണ്. അന്യായമായി വീടുകള്‍ തകര്‍ക്കപ്പെടുന്ന നിരപരാധികളായ കുടുംബങ്ങളുടെ കുറ്റമെന്താണ്? ഏതെങ്കിലും ക്രിമിനല്‍ കേസുകളില്‍ നടപടി നേരിടുന്നവരുടെ കുടുംബങ്ങള്‍ ചെയ്ത കുറ്റമെന്താണ്? അവരുടെ വീട് തകര്‍ക്കാന്‍ എന്ത് അവകാശമാണ് ഭരണകൂടത്തിനുള്ളത്”-അദ്ദേഹം ചോദിച്ചു.

ഇത്തരം നടപടികളിലൂടെ ഭരണകൂടം ജഡ്ജിയുടെ പണിയാണ് എടുക്കുന്നത്. ഒരു കെട്ടിടം നിയമപരമാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഏതെങ്കിലും കെട്ടിടം തകര്‍ക്കപ്പെടുകയാണെങ്കില്‍, ആ വീടുകള്‍ സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മിക്കണമെന്നും ജസ്റ്റിസ് ഗവായ് ആവശ്യപ്പെട്ടു. ബുള്‍ഡോസര്‍ രാജിന്റെ ഇരകള്‍ക്ക് സര്‍ക്കാര്‍ തന്നെ വീട് പുനര്‍നിര്‍മിച്ചു നല്‍കണം. ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍നിന്ന് പുനര്‍നിര്‍മാണ ചെലവ് ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യനിര്‍വഹണ വിഭാഗം ഇടപെടുന്നത് ഭരണഘടനാപരമായ സന്തുലിതാവസ്ഥയെ തകര്‍ക്കുമെന്നും മുന്‍ ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. ജുഡീഷ്യറിയുടെ അധികാരം സര്‍ക്കാര്‍ കൈക്കലാക്കാന്‍ ശ്രമിക്കരുത്. ഭരണകൂടം അവരുടെ പരിധിയില്‍ ഒതുങ്ങിനില്‍ക്കണമെന്നും ജസ്റ്റിസ് ഗവായ് കൂട്ടിച്ചേര്‍ത്തു.

Also read: