27/01/2026

ലോകത്തെ നീളമേറിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല; ഗിന്നസ് റെക്കോർഡ് കുറിച്ച് റിയാദ് മെട്രോ

 ലോകത്തെ നീളമേറിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല; ഗിന്നസ് റെക്കോർഡ് കുറിച്ച് റിയാദ് മെട്രോ

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിച്ച റിയാദ് മെട്രോ പുതിയ ലോക റെക്കോർഡും കുറിച്ചു. ലോകത്തെ പൂർണമായും ഡ്രൈവറില്ലാതെ ഓടുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ ശൃംഖലയായി റിയാദ് മെട്രോയെ ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

176 കിലോമീറ്റർ നീളമുള്ള ഈ അത്യാധുനിക ശൃംഖല, സൗദി അറേബ്യയുടെ ഗതാഗത സംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിലും സുസ്ഥിരമാക്കുന്നതിലുമുള്ള ദ്രുതഗതിയിലുള്ള നേട്ടങ്ങളുടെ പ്രതീകമാണ്. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ഈ നേട്ടം അടിവരയിടുന്നു.

റിയാദിലെ പൊതുഗതാഗത പദ്ധതിയുടെ നിർണായക ഘടകമായ മെട്രോ ശൃംഖലയിൽ, ഏറ്റവും പുതിയ സാങ്കേതികവിദ്യകളാൽ പ്രവർത്തിക്കുന്ന ആറ് സംയോജിത ലൈനുകളിലായി 85 സ്റ്റേഷനുകൾ ഉൾപ്പെടുന്നു.

പൂർണ്ണ ഓട്ടോമേഷൻ: സംവിധാനം പൂർണമായും ഓട്ടോമേറ്റഡ് ഡ്രൈവറില്ലാ ഓപ്പറേറ്റിങ് മോഡലിലാണ് പ്രവർത്തിക്കുന്നത്.

സുരക്ഷയും നിയന്ത്രണവും: പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് വിപുലമായ സെൻട്രൽ കൺട്രോൾ റൂമുകൾ വഴിയാണ്. ഇത് ഉയർന്ന കൃത്യതയും സുരക്ഷാ ഗുണനിലവാരവും ഉറപ്പാക്കുന്നു.

മെട്രോയും ബസുകളും ചേർന്ന ഈ വിപുലമായ പൊതുഗതാഗത ശൃംഖല, നഗരത്തിൻ്റെ ഗതാഗത തിരക്ക് കുറയ്ക്കുകയാണു പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതോടൊപ്പം സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും സാമൂഹിക ജീവിതം മെച്ചപ്പെടുത്തുകയും നഗരവികസനത്തെ പിന്തുണയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്.

Also read: