ബുള്‍ഡോസര്‍ രാജിന്റെ ഇര അര്‍ഫാസിന് കുല്‍ദീപ് ശര്‍മയുടെ സ്‌നേഹസമ്മാനം; സ്വന്തം ഭൂമി നല്‍കി റിട്ട. സൈനികന്‍
ജമ്മു: ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ നടപടിയില്‍ വീട് നഷ്ടപ്പെട്ട മുസ്‌ലിം മാധ്യമപ്രവര്‍ത്തകന് സ്വന്തം ഭൂമി നല്‍കി ഒരു ഹിന്ദു അയല്‍വാസി. ജമ്മുവില്‍ മതത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ മനുഷ്യത്വത്തിന്റെ മാതൃകയായിരിക്കുകയാണ് ഈ അപൂര്‍വമായ ഐക്യദാര്‍ഢ്യ പ്രഖ്യാപനം. വീട് തകര്‍ത്ത നടപടി രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയെങ്കിലും, ജനങ്ങള്‍ക്കിടയിലെ സ്‌നേഹബന്ധം രാജ്യത്തിന് പുതിയ സന്ദേശം നല്‍കി. (Hindu neighbour offers land to Muslim journalist after Jammu authority demolishes house in bulldozer raj)
ജമ്മു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായ അര്‍ഫാസ് അഹമ്മദ് ദൈംഗിന്റെ വീടാണ് അനധികൃത കൈയേറ്റം ആരോപിച്ച് അധികൃതര്‍ കഴിഞ്ഞ ദിവസം തകര്‍ത്തു കളഞ്ഞത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം, ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ തകര്‍ന്ന വീടിന് സമീപം ടാര്‍പോളിന്‍ ഷീറ്റിനടിയില്‍ രാത്രി കഴിച്ചുകൂട്ടേണ്ടി വന്നു. താന്‍ അധികാരികള്‍ക്കെതിരെ സത്യം പറയുന്നതിന്റെ പേരില്‍ ലക്ഷ്യമിടുകയാണെന്ന് അര്‍ഫാസ് പ്രതികരിച്ചിരുന്നു.
വീട് തകര്‍ത്ത വീഡിയോ കണ്ടതിന് ശേഷം ഒരു രാത്രി മുഴുവന്‍ ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് കുല്‍ദീപ് ശര്‍മ എന്ന മുന്‍ സൈനികന്‍ പറയുന്നു. ‘വീട് തകര്‍ത്തതില്‍ ചിലര്‍ സന്തോഷിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അവരെ ഓര്‍ത്ത് ചിരി വന്നു. ഇത് നാളെ ആര്‍ക്കും സംഭവിക്കാം,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സാമൂഹിക സൗഹൃദം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടി എന്ന നിലയിലാണ് തന്റേയും മകളായ താനിയയുടെയും കൈവശമുണ്ടായിരുന്ന അഞ്ച് മര്‍ല(ഏകദേശം 1,360 ചതുരശ്ര അടി ഭൂമി) അദ്ദേഹം അര്‍ഫാസിന് സമ്മാനിച്ചത്.
താഴ്ന്ന ഇടത്തരം കുടുംബത്തില്‍പ്പെട്ട താന്‍ മകളുടെ വിവാഹത്തിനായി വില്‍ക്കാന്‍ വെച്ച ഭൂമിയാണിതെന്നും കുല്‍ദീപ് ശര്‍മ കണ്ണീരോടെ വ്യക്തമാക്കി. ”അവര്‍ മൂന്ന് മര്‍ലയുടെ വീടാണ് തകര്‍ത്തത്. ഞാന്‍ അഞ്ച് മര്‍ല നല്‍കുന്നു. ഇനി അഞ്ചു മര്‍ലയിലെ വീടാണ് തകര്‍ക്കുന്നതെങ്കില്‍ ഞാന്‍ പത്ത് മര്‍ല നല്‍കും,” അദ്ദേഹം പറഞ്ഞു. ‘ഇത്രയും നല്ല ചിന്താഗതിയുള്ള മാതാപിതാക്കളെ ലഭിച്ചത് എന്റെ ഭാഗ്യമാണ്’ എന്ന് മകള്‍ താനിയയും പ്രതികരിച്ചു.
ജമ്മുവിലെ വിവിധ മതസ്ഥര്‍ നല്‍കിയ പിന്തുണയില്‍ അര്‍ഫാസിന്റെ പിതാവ് വികാരാധീനനായി. ‘എനിക്ക് വീട് നഷ്ടപ്പെട്ടെങ്കിലും വിലമതിക്കാനാവാത്ത ഒന്ന് ലഭിച്ചുജമ്മുവിലെ ജനങ്ങള്‍. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, മുസ്‌ലിം എന്നിങ്ങനെ ജമ്മുവിലെ ജനങ്ങള്‍ക്ക് മനുഷ്യത്വം എന്ന ഒരൊറ്റ ജാതിയേ ഉള്ളൂ. ഇന്നലെ ദുഃഖത്തിന്റെ കണ്ണീരായിരുന്നെങ്കില്‍ ഇന്ന് സന്തോഷത്തിന്റെ കണ്ണീരാണ്,’ അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകനെ ലക്ഷ്യമിട്ട നടപടി സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയെങ്കിലും, കുല്‍ദീപ് ശര്‍മ്മയുടെ ഈ പ്രവൃത്തി മനുഷ്യത്വത്തിന് വില കല്‍പ്പിക്കുന്നവരുടെ മനസ്സില്‍ ഐക്യത്തിന്റെ മതില്‍ തീര്‍ത്തു.