ഇസ്രയേല്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ജസ്റ്റിസ് ഡോ. എസ്. മുരളീധര്‍; യുഎന്‍ അന്വേഷണ കമ്മീഷന് അധ്യക്ഷന്‍
ജറുസലേം: ഒഡിഷ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡോ. എസ്. മുരളീധര്‍ ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന് അന്വേഷണ കമ്മീഷന് അധ്യക്ഷനായി നിയമിച്ചു. അധിനിവിഷ്ട ഫലസ്തീന് പ്രദേശങ്ങളിലെ ഇസ്രയേല്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാനായി യുഎന്‍ നിയോഗിച്ചതാണ് കമ്മീഷന്. (Retired Justice S Muralidhar appointed Chair of UN panel to probe Israel human rights violations in Occupied Palestine)
അധിനിവിഷ്ട ഫലസ്തീന് പ്രദേശങ്ങള്‍, കിഴക്കന്‍ ജറുസലേം, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ 1967 മുതല്‍ നടന്നുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളും അന്വേഷിക്കുകയാണ് കമ്മീഷന്റെ പ്രധാന ചുമതല. ഇത്രയും നിര്‍ണായകമായ ഒരു ആഗോള സമിതിക്ക് ഒരു ഇന്ത്യന്‍ നിയമജ്ഞന് നേതൃത്വം നല്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഇസ്രയേല്‍-ഫലസ്തീന് സംഘര്‍ഷങ്ങള്‍ ലോകശ്രദ്ധയില്‍ നില്ക്കുന്ന സാഹചര്യത്തില്‍ ഈ നിയമനം അതീവ പ്രാധാന്യമര്‍ഹിക്കുന്നു.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ് ജസ്റ്റിസ് ഡോ. എസ്. മുരളീധരന്. ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്ന പദവിക്ക് പുറമെ നേരത്തെ ഡല്‍ഹി, പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതികളില്‍ ജഡ്ജിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ അദ്ദേഹത്തിന്രെ ഇടപെടലുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. കലാപത്തിനിടെയുള്ള അതിക്രമങ്ങളെക്കുറിച്ച് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഡല്‍ഹി പോലീസിന്റെ നിഷ്ക്രിയത്വത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പോലീസിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തെ ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇത് ‘ശിക്ഷാ നടപടി’യാണെന്ന വിമര്‍ശനം അന്ന് വ്യാപകമായി ഉയര്‍ന്നിരുന്നു.