27/01/2026

‘ഫ്രീബി സംസ്കാരത്തിനെതിരെ സംസാരിച്ച മോദിയും ഇപ്പോള്‍ അത് ഏറ്റെടുക്കുന്നു; ഇത് വികസനമല്ല, രാഷ്ട്രീയ പരാജയം’-വിമര്‍ശനവുമായി ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ഡി. സുബ്ബറാവു

 ‘ഫ്രീബി സംസ്കാരത്തിനെതിരെ സംസാരിച്ച മോദിയും ഇപ്പോള്‍ അത് ഏറ്റെടുക്കുന്നു; ഇത് വികസനമല്ല, രാഷ്ട്രീയ പരാജയം’-വിമര്‍ശനവുമായി ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ഡി. സുബ്ബറാവു

ന്യൂഡല്‍ഹി: സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കിയുള്ള രാഷ്ട്രീയത്തിനെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) മുന്‍ ഗവര്‍ണര്‍ ഡി. സുബ്ബറാവു. വോട്ടുകള്‍ നേടാന്‍ സൗജന്യങ്ങള്‍ സഹായിച്ചേക്കാം. എന്നാല്‍, അവ രാജ്യത്തെ മുന്നോട്ടുനയിക്കില്ലെന്നും, കടമെടുത്ത പണം നല്‍കുന്നത് വികസനമല്ല, രാഷ്ട്രീയ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ എഴുതിയ ലേഖനത്തിലാണ് മുന്‍ ആര്‍ബിഐ ഗവര്‍ണറുടെ വിമര്‍ശനം. ”മത്സരബുദ്ധിയോടെയുള്ള ഈ സൗജന്യ പ്രഖ്യാപനങ്ങള്‍ ഭരണതലത്തിലെ സാമ്പത്തിക അച്ചടക്കം പൂര്‍ണമായി ഇല്ലാതാക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സാമ്പത്തിക യാഥാര്‍ഥ്യങ്ങളെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് അവിശ്വസനീയമായ വാഗ്ദാനങ്ങള്‍ നല്‍കുന്നത് പതിവാകുകയാണ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എന്‍ഡിഎ 10,000 രൂപയാണു വാഗ്ദാനം ചെയ്ത്. അതുകണ്ട് മറ്റുള്ളവര്‍ 30,000 രൂപയും ജോലി വാഗ്ദാനവും മുന്നോട്ടുവയ്ക്കുകയാണുണ്ടായത്.”-സുബ്ബറാവു ചൂണ്ടിക്കാട്ടി.

ഈ സൗജന്യങ്ങള്‍ ഭൂരിഭാഗവും സംസ്ഥാനങ്ങള്‍ കടമെടുത്ത പണം ഉപയോഗിച്ചാണ് നല്‍കുന്നത്. ഇത് ഇന്നത്തെ ഉപഭോഗത്തിന്റെ ഭാരം നാളത്തെ നികുതിദായകരുടെ തലയില്‍ വെച്ചുകെട്ടുന്നതിന് തുല്യമാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇത്തരം വാഗ്ദാനങ്ങളുടെ സാമ്പത്തിക ആഘാതം ഇപ്പോള്‍ നേരിടുകയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്‍പ് ‘രേവ്ഡി സംസ്‌കാരത്തെ'(സൗജന്യങ്ങള്‍ നല്‍കുന്ന രീതി) ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഇതിന്റെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ മനസിലാക്കിയ ശേഷം, അദ്ദേഹവും അത് ഏറ്റെടുത്തിരിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ ഈ രീതിയിലേക്ക് മാറുന്നതായി കാണുന്നു. ഇത് ഒരു പാര്‍ട്ടിയുടെ മാത്രം വീഴ്ചയല്ല, മറിച്ച് ഘടനാപരമായ രാഷ്ട്രീയ പ്രശ്‌നമാണ്. തെരഞ്ഞെടുപ്പ് പ്രോത്സാഹനങ്ങള്‍ സാമ്പത്തികപരമായ യുക്തിക്ക് വിരുദ്ധമാകുമ്പോള്‍, യുക്തിക്ക് എപ്പോഴും തോല്‍വി സംഭവിക്കുമെന്നും സുബ്ബറാവു വ്യക്തമാക്കി.

സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് അടിസ്ഥാനപരമായി രാഷ്ട്രീയ പരാജയം അംഗീകരിക്കുന്നതിന് തുല്യമാണ്. മാന്യമായ ജീവിതമാര്‍ഗം നല്‍കുന്നതില്‍ പരാജയപ്പെടുന്ന നേതാക്കള്‍, താല്‍ക്കാലിക സഹായം നല്‍കി ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. ഈ പ്രവണത വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ സുസ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പണം ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ദേശീയതലത്തില്‍ ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നും സുബ്ബറാവു ആവശ്യപ്പെട്ടു. വാഗ്ദാനങ്ങള്‍ നല്‍കുന്നതിന് മുമ്പ് പണം എവിടെനിന്ന് കണ്ടെത്തുമെന്ന് പാര്‍ട്ടികള്‍ വ്യക്തമാക്കണം. രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് സത്യസന്ധതയും ഉത്തരവാദിത്തവും പുനഃസ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഡി. സുബ്ബറാവു കൂട്ടിച്ചേര്‍ത്തു.

Also read: