10/06/2026
[fontresizer_tawhidurrahmandear_widget]

പ്രതിവർഷം 1.6 കോടി ശമ്പളം,ലോകം മുഴുവന്‍ കറക്കം, സൗജന്യ ഭക്ഷണവും താമസവും എന്നിട്ടും ആളെ കിട്ടാനില്ല; ഈ ജോലിയില്‍ വന്‍ അവസരങ്ങള്‍ കാത്തിരിക്കുന്നു

 പ്രതിവർഷം 1.6 കോടി ശമ്പളം,ലോകം മുഴുവന്‍ കറക്കം, സൗജന്യ ഭക്ഷണവും താമസവും എന്നിട്ടും ആളെ കിട്ടാനില്ല; ഈ ജോലിയില്‍ വന്‍ അവസരങ്ങള്‍ കാത്തിരിക്കുന്നു

വാഷിങ്ടണ്‍: ഉയർന്ന ശമ്പളവും ആകർഷകമായ സൗജന്യ സൗകര്യങ്ങളും വാഗ്ദാനം ചെയ്തിട്ടും യു.എസിൽ സമുദ്ര മേഖലയിൽ പരിശീലനം ലഭിച്ച ജീവനക്കാരുടെ വലിയ കുറവ് നേരിടുന്നു. അമേരിക്കൻ സമുദ്ര അക്കാദമികളിൽ നിന്ന് ബിരുദം നേടുന്നവർക്ക് പ്രതിവർഷം 200,000 ഡോളറിലധികം (ഏകദേശം 1.6 കോടി രൂപ) സമ്പാദിക്കാൻ കഴിയും. ഇതിനുപുറമെ സൗജന്യ ഭക്ഷണം, സ്വകാര്യ താമസ സൗകര്യങ്ങൾ, ലോകമെമ്പാടുമുള്ള യാത്ര എന്നിവയും ലഭിക്കും. എന്നാൽ, ഈ അവസരങ്ങളെക്കുറിച്ച് യുവാക്കളിൽ അവബോധം കുറവാണെന്നാണ് റിപ്പോർട്ട്.

യു.എസ് കാർഗോ കപ്പലുകളുടെ കൂട്ടത്തിന് നിലവിൽ ഗുരുതരമായ ജീവനക്കാരുടെ കുറവ് നേരിടുന്നത് ദേശീയ സുരക്ഷാ പ്രശ്നമായി മാറിയിരിക്കുകയാണ്. പരിശീലനം ലഭിച്ച തൊഴിലാളികളുടെ അഭാവമാണ് അമേരിക്കൻ പതാകയുള്ള കപ്പലുകളിലെ ചരക്ക് നീക്കത്തെ പ്രധാനമായും ബാധിക്കുന്നതെന്ന് ഷിപ്പിങ് കമ്പനികൾ പറയുന്നു.

തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ഷിപ്പിങ് കമ്പനികൾ ഉയർന്ന സൈനിങ് ബോണസുകളും വർധിപ്പിച്ച ശമ്പളവും വാഗ്ദാനം ചെയ്യുന്നുണ്ട്. ജിമ്മുകൾ, മെച്ചപ്പെട്ട ഭക്ഷണ സൗകര്യങ്ങൾ, ഇന്റർനെറ്റ് സൗകര്യങ്ങൾ എന്നിവയോടെ താമസസൗകര്യങ്ങളും നവീകരിച്ചു വരുന്നു.

യു.എസ് പ്രതിരോധ വകുപ്പിന് സൈനിക സാമഗ്രികൾ വിദേശത്തേക്ക് എത്തിക്കുന്നതിന് വാണിജ്യ നാവികരെയും സ്വകാര്യ ചരക്ക് കപ്പലുകളെയും ആശ്രയിക്കേണ്ടി വരുന്നുണ്ട്. എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ കഴിഞ്ഞ വർഷം 17 വിതരണ കപ്പലുകളുടെ പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നു. സംഘർഷമുണ്ടായാൽ സൈന്യത്തെ വിദേശത്തേക്ക് അയക്കുന്നതിലും പുനഃസജ്ജമാക്കുന്നതിലും യു.എസിന് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വർധിച്ചുവരുന്ന സാങ്കേതിക മുന്നേറ്റങ്ങളും എ.ഐ ഭീഷണിയും ഓഫീസ് ജോലികളെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെ, കപ്പലോട്ടം പോലുള്ള പ്രായോഗിക തൊഴിൽ മേഖലകൾ യുവാക്കൾക്ക് കൂടുതൽ ആകർഷകമാവാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ട്രംപ് ഭരണകൂടം സമുദ്ര മേഖലയെ ശക്തിപ്പെടുത്താൻ മുൻപ് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കപ്പൽ നിർമാണം, ജീവനക്കാരുടെ നിയമനം എന്നിവ ശക്തിപ്പെടുത്താനുള്ള നിയമനിർമാണവും നിലവിൽ ചർച്ചയിലാണ്.

Also read: