‘ഇ.ഡിയും സിബിഐയും വന്ന് ജയിലിലടച്ചിട്ടും ബിജെപിക്ക് കീഴടങ്ങിയിട്ടില്ല; ഇനിയും മുട്ടുമടക്കില്ല’; പ്രതികരണവുമായി ജെഎംഎം
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ബിജെപി പാളയത്തിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായ ഭാഷയില്‍ നിഷേധിച്ച് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം). കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് പാര്‍ട്ടി നല്‍കുന്നത്. (‘ED, CBI and Jail Couldn’t Make Us Surrender to BJP, We Won’t Bow Down’: JMM Dismisses Alliance Speculation)
വാര്‍ത്തകളെ ജെഎംഎം വക്താവ് കുനാല്‍ സാരംഗി പൂര്‍ണമായും തള്ളിക്കളഞ്ഞു. ചങ്ങലയില്‍ ബന്ധിക്കപ്പെട്ടാലും രാജാവ് ശക്തനാണെന്ന അര്‍ത്ഥം വരുന്ന കവിതാശകലം പങ്കുവെച്ച അദ്ദേഹം, ഘട്സില ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ബിജെപി നിരാശയിലാണെന്നും പരിഹസിച്ചു. ജാര്‍ഖണ്ഡ് തലകുനിച്ചിട്ടില്ല. ഇനി കുനിക്കുകയുമില്ലെന്നും സാരംഗി വ്യക്തമാക്കി.
‘ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തില്‍, ഇഡിയും സിബിഐയും വേട്ടയാടി ജയിലിലടച്ചപ്പോള്‍ പോലും അദ്ദേഹം (ഹേമന്ത് സോറന്‍) ബിജെപിക്കൊപ്പം പോയിട്ടില്ല. വ്യക്തമായ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇപ്പോള്‍ അത്തരമൊരു നീക്കത്തിന്റെ ആവശ്യമെന്താണ്?’ – ജെഎംഎം എംപി മഹുവ മാജി മാധ്യമങ്ങളോട് ചോദിച്ചു.
ഡല്‍ഹിയില്‍ വെച്ച് ഹേമന്ത് സോറന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും, ഡല്‍ഹി സന്ദര്‍ശനം വ്യക്തിപരമാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ‘ജാര്‍ഖണ്ഡ് തലകുനിക്കില്ല'(ജാര്‍ഖണ്ഡ് ജുക്കേഗാ നഹി) എന്ന ഒറ്റവരി പോസ്റ്റിലൂടെ ജെഎംഎം തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ബിജെപി നടത്തുന്ന ഹീനമായ തന്ത്രമാണ് ഇപ്പോഴത്തെ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് ജെഎംഎം ക്യാമ്പ് വ്യക്തമാക്കുന്നത്.
നിലവില്‍ 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 34 സീറ്റുകളുള്ള ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസിന് 16ഉം ആര്‍ജെഡിക്ക് നാലും സീറ്റുകളുണ്ട്. 21 സീറ്റുകളുള്ള ബിജെപിക്ക്, ജെഎംഎമ്മിന്റെ പിന്തുണ ലഭിച്ചാല്‍ കേവല ഭൂരിപക്ഷമായ 41 അനായാസം മറികടക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനും സാധിക്കും. ഈ സാധ്യത മുന്നില്‍ നിര്‍ത്തിയാണ് ജാര്‍ഖണ്ഡില്‍ മുന്നണി അട്ടിമറിക്ക് സാധ്യതയെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റുപിടിച്ചിരിക്കുന്നത്.