01/04/2026
[fontresizer_tawhidurrahmandear_widget]

സെന്‍സസ് വരുന്നു, 2026ലും 2027ലും രണ്ട് ഘട്ടങ്ങളിലായി; ജാതി കണക്കെടുപ്പും നടത്തുമെന്ന് കേന്ദ്രം

 സെന്‍സസ് വരുന്നു, 2026ലും 2027ലും രണ്ട് ഘട്ടങ്ങളിലായി; ജാതി കണക്കെടുപ്പും നടത്തുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ അടുത്ത സെന്‍സസ് 2026 ഏപ്രില്‍ മുതല്‍ 2027 ഫെബ്രുവരി വരെയുള്ള കാലയളവില്‍ രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു. കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇക്കാര്യം അറിയിച്ചത്.

സെന്‍സസിന്റെ ഒന്നാം ഘട്ടം 2026 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. ഇതില്‍ ഭവനങ്ങളുടെ കണക്കെടുപ്പും ഭവന സെന്‍സസും ഉള്‍പ്പെടും. സംസ്ഥാന,കേന്ദ്രഭരണ പ്രദേശങ്ങളുടെ സൗകര്യമനുസരിച്ച് 30 ദിവസത്തിനുള്ളില്‍ ഈ ഘട്ടം പൂര്‍ത്തിയാക്കും.

രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് (പിഇ) 2027 ഫെബ്രുവരിയില്‍ നടക്കും. ഇതിന്റെ റഫറന്‍സ് തീയതി 2027 മാര്‍ച്ച് 1 ആയിരിക്കും. എന്നാല്‍, ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിലെയും സെന്‍സസ് 2026 സെപ്റ്റംബറില്‍ റഫറന്‍സ് തീയതി 2026 ഒക്ടോബര്‍ 1 ആയി നടപ്പാക്കും.

ഈ വര്‍ഷം ഏപ്രില്‍ 30ന് രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയുടെ തീരുമാനപ്രകാരം സെന്‍സസില്‍ ജാതി കണക്കെടുപ്പും നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 70 വര്‍ഷത്തിന് ശേഷമുള്ള ജാതി സെന്‍സസാണ് നടക്കാന്‍ പോകുന്നതെന്നതാണ് ഇതിലെ ഏറ്റവും വലിയ കാര്യമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ, 2027ലെ സെന്‍സസ് പൂര്‍ണ്ണമായും ഡിജിറ്റല്‍ രീതിയിലായിരിക്കും നടത്തുക. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വിവരശേഖരണം നടത്തുകയും ജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. 150 വര്‍ഷത്തിലധികം പഴക്കമുള്ള സെന്‍സസ് പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞ കാലത്തെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also read: